കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷാവിധിക്ക് മുമ്പുള്ള വാദം പൂര്‍ത്തിയായി. കുറ്റവാളി സഹതാപം അര്‍ഹിക്കുന്നില്ലെന്നും അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു.
അമീറുല്‍ ഇസ്ലാമില്‍ നിന്ന് കോടതി നേരിട്ടു മൊഴിയെടുക്കുകയും ചെയ്തു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അമീറുള്‍ കോടതിയെ അറിയിച്ചു. ജിഷയെ അറിയില്ല. കേസിനുപിന്നില്‍ ഭരണകൂട താല്പര്യമാണെന്നും പൊലീസ് അതിനൊത്തു പ്രവര്‍ത്തിച്ചുവെന്നും അമീറുള്‍ പറഞ്ഞു. മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അമീറുല്‍ കോടതിയോട് ആവശ്യപ്പെട്ടു. ഭാര്യയും മക്കളും ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നായിരുന്നു അമീറുള്ളിന്റെ മറുപടി.
കേസ് അസാധാരണമാണെന്നും നിര്‍ഭയ കേസിനു സമാനമാണെന്നും പ്രോസിക്യൂഷന് വാദിച്ചു. നിര്‍ഭയ കേസിലും പ്രതിക്ക് പ്രായം കുറവായിരുന്നു എന്നും പ്രതിക്ക് പ്രായത്തിന്റെ ഇളവു നല്‍കേണ്ടതില്ലെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. കൊലയും അതിക്രൂരപീഡനവും തെളിഞ്ഞു. ഇത്തരക്കാര്‍ സഹതാപം അര്‍ഹിക്കുന്നില്ല. വധശിക്ഷ തന്നെ നല്‍കണം. അമിയൂറിന് ചെയ്ത കുറ്റത്തില്‍ പശ്ചാത്താപമില്ലെന്നും പശ്ചാത്താപം ഇല്ലാത്തതിനാലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
അതേസമയം, നിര്‍ഭയ കേസിനു സമാനമല്ല ജിഷയുടെ കേസെന്നും ഇതില്‍ ദൃക്സാക്ഷിയില്ലെന്നും ഊഹാപോഹങ്ങള്‍ കണക്കിലെടുത്ത് ശിക്ഷ വിധിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതി അമീറുല്‍ ഇസ്ലാമിന്റെ ആവശ്യം കോടതി തള്ളി. അസം സ്വദേശിയായ അമീറുള്ളിന് പൊലീസിന്റെ ചോദ്യം ചെയ്യലുകള്‍ മനസ്സിലായില്ലെന്ന് അമീറുള്ളിന്റെ അഭിഭാഷകന് ആളൂര്‍ കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ ശിക്ഷാവിധിയെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതിയെന്നും വിധി പറഞ്ഞ ശേഷം ഇക്കാര്യം പരിഗണിക്കാമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി.