ദുബായിയില്‍ അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി

0
32

ദുബായ്: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ പ്രസവിച്ചയുടന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി. 32കാരിയായ ഫിലിപ്പൈന്‍സ് സ്വദേശിനിയാണ് കുഞ്ഞിന്റെ വായില്‍ തുണിതിരുകി കൊലപ്പെടുത്തിയ കാര്യം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 16ന് സ്പോണ്‍സറുടെ സഹോദരിയുടെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു സംഭവം.

കേസുമായി ബന്ധപ്പെട്ട് യുവതിയുടെ സ്പോണ്‍സറുടെ സഹോദരി നല്‍കിയ മൊഴിയാണ് നിര്‍ണായക വഴിത്തിരിവായത്.

സ്പോണ്‍സറുടെ സഹോദരിയുടെ മൊഴി ഇങ്ങനെ: ‘സംഭവം നടന്ന ദിവസം ഒരു മണിയോടെ ഫിലിപ്പൈന്‍സ് യുവതിയെ അസ്വസ്ഥമായ സാഹചര്യത്തില്‍ ഫ്‌ളാറ്റില്‍ കണ്ടിരുന്നു. കാര്യം അന്വേഷിച്ചപ്പോള്‍ മാസമുറ സംബന്ധിച്ച പ്രശ്‌നമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ടോയ്ലറ്റില്‍ കയറിയ യുവതി ഏകദേശം രണ്ടു മണിക്കൂറോളം പുറത്തിറങ്ങിയില്ല. കതകില്‍ മുട്ടിയെങ്കിലും യുവതി തുറന്നിരുന്നില്ല.’

‘പിന്നീട് പുറത്തിറങ്ങിയ യുവതിയുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നു. അത് അവര്‍ അടുക്കളയുടെ വാതിലിന് സമീപം വയ്ക്കുകയും ചെയ്തു. ക്ഷീണിച്ച് അവശയായി കാണപ്പെട്ട യുവതി കസേരിയില്‍ ഇരുന്നു. ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. യുവതിയുടെ ശരീരത്തില്‍ നിന്നും ധാരാളം രക്തം വരുന്നുണ്ടായിരുന്നു. അവസ്ഥ ഗുരുതരമായതോടെ 3 മണിക്ക് ആംബുലന്‍സ് വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഡോക്ടര്‍ പറഞ്ഞത് യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും.’

നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫ്ളാറ്റിലെത്തിയ പൊലീസ് പലയിടത്തും രക്തം കണ്ടു. യുവതിയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗില്‍ മരിച്ച കുഞ്ഞിനെയും കണ്ടെത്തി. ഫോറന്‍സിക് പരിശോധനയില്‍ ജനിച്ച കുഞ്ഞ് ആരോഗ്യവാന്‍ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി.