രോഹിത് ശര്‍മയുടെ ചിത്രം 200 രൂപ നോട്ടില്‍ അച്ചടിക്കണമെന്ന ആവശ്യവുമായി ട്വിറ്റര്‍ ലോകം

0
104

മുംബൈ: മുന്നാം തവണയും ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെ മാസ്മരിക ഇന്നിങ്സിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. രോഹിതിന്റെ ഇന്നിങ്‌സിന് പലരും പല വിശേഷണവും നല്‍കി. ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ ആവശ്യമാണ് ട്വിറ്റര്‍ ലോകം മുന്നോട്ട് വച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 200 രൂപ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രം അച്ചടിക്കണമെന്നാണ് ട്വിറ്റര്‍ ലോകത്തു നിന്നുള്ള പ്രധാന ആവശ്യം. ഇതോടൊപ്പം ഫോട്ടോഷോപ്പിലൂടെ നിര്‍മിച്ച രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുന്നു.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മൂന്നു പ്രാവശ്യം ഡബിള്‍ സെഞ്ച്വറി തികയ്ക്കുന്ന രോഹിത് ക്രിക്കറ്റ് മഹാരഥന്മാരുടെ ഗണത്തിലേക്കാണ് വാഴ്ത്തപ്പെടുന്നത്. 2013 ല്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം 264, 209, 208 നോട്ടൗട്ട്, 171 നോട്ടൗട്ട്, 150, 147, 141 നോട്ടൗട്ട്, 138, 137 എന്നിങ്ങനെ പോകുന്നു രോഹിതിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറുകള്‍.
എന്നാല്‍ രോഹിത് ഡബിള്‍ സെഞ്ചറി അടിച്ചുകൂട്ടുന്നതിനെ കാറുകള്‍ വാങ്ങുന്നതിനോട് താരതമ്യം ചെയ്യുകയാണ് ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന്‍. നേരെ ഷോറൂമിലേക്ക് പോയി കാര്‍ വാങ്ങുന്നത് പോലെയാണ് രോഹിത്ത് ക്രീസിലെത്തി ഇരട്ട സെഞ്ച്വറി നേടുന്നതെന്നാണ് ധവാന്‍ ട്വീറ്റ് ചെയ്തത്.