ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്റസുലിനെ അരുംകൊല ചെയ്ത ശംഭുലാലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് 516 പേരാണ് ശംഭുലാലിന്റെ ഭാര്യ സീതയുടെ പേരിലെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് ബാങ്ക് അക്കൗണ്ട് മരവിച്ചു.
ശംഭുലാലിന്റെ കുടുംബത്തിന് സഹായം തേടി അക്കൗണ്ട് നമ്പര്‍ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ സന്ദേശം പ്രചരിപ്പിച്ചിരുന്നു. ഇതില്‍ പണം നിക്ഷേപിച്ച ബാങ്ക് രസീതുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് രണ്ട് വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 516 പേര് ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചുവെന്ന് കണ്ടെത്തിയത്. പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പണം നിക്ഷേപിച്ചവര്‍ക്ക് കൊലയാളിയുമായുള്ള ബന്ധം അന്വേഷിക്കുകയാണെന്ന് രാജസ്ഥാന് പൊലീസ് ഐ.ജി ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.
അതേസമയം ശംഭുലാലിന് പിന്തുണ അറിയിച്ച് ഹിന്ദുസംഘടനകള്‍ റാലി നടത്താന്‍ പദ്ധതിയിടുന്നെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രിമിനല്‍ നയമനടപടി ചട്ടം 144 അനുസരിച്ച് ഈ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്.