തിരുവനന്തപുരം: ജീവിതത്തിന്റെ എല്ലാ മേഖലകളും സെന്‍സര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മള് ജീവിക്കുന്നതെന്ന് സംവിധായകന് പ്രേംശങ്കര്‍. ഭക്ഷണവും അഭിപ്രായവുമെല്ലാം ഇന്ന് സെന്‍സറിങ്ങിനു വിധേയമായിക്കൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ സിനിമയ്ക്ക് നേരെയുള്ള സെന്‍സറിങ്ങിനെ മാത്രം ഒറ്റപ്പെടുത്തി കാണേണ്ടതില്ലെന്നും പ്രേംശങ്കര്‍ പറഞ്ഞു. രണ്ടു പേര് എന്ന സിനിമയുടെ പ്രദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രസംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള വേദികളായി നമ്മുടെ ചലച്ചിത്രോത്സവങ്ങള്‍ മാറണം. സ്വതന്ത്രസിനിമകളുടെ നിര്മാണനത്തിനുള്ള മൂലധനം കണ്ടെത്താനും വിപണി കണ്ടെത്താനുമുള്ള സൗകര്യങ്ങള്‍ ചലച്ചിത്രമേളകളിലുണ്ടാവണമെന്നും പ്രേംശങ്കര്‍ പറഞ്ഞു.
ഷൂട്ടിംഗ് സമയത്ത് സംവിധായകന് പ്രേംശങ്കര്‍ നല്കിയ സ്വാതന്ത്ര്യം അഭിനേതാവെന്ന നിലയില്‍ മെച്ചപ്പെടാന്‍ സഹായിച്ചുവെന്ന് ബേസില്‍ പൗലോസ് പറഞ്ഞു. സംഭാഷണ കേന്ദ്രീകൃതമായ ചിത്രമായത് കൊണ്ട് തന്നെ കഥാപാത്രത്തെ മികച്ചതാക്കാന്‍ കൂടുതല്‍ പരിശ്രമിച്ചു. വാരാന്ത്യങ്ങളിലും രാത്രിയിലുമാണ് ഈ ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും നടന്നത്. ഗാനരചയിതാവായ അന്‍വര്‍ അലി നല്കിയ വലിയ പിന്തുണയാണ് ഈ സിനിമയെ യാഥാര്‍ത്ഥ്യമാക്കിയത്.
രണ്ടുപേര്‍ എന്ന ചിത്രത്തിന് ആഗോളമാനമുണ്ടെന്ന് അന്‍വര്‍ അലി പറഞ്ഞു. കോര്‍പ്പറേറ്റ് മേഖലയില്‍ തൊഴിലെടുക്കുന്ന ചെറുപ്പക്കാര്‍ക്കിടയിലെ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നതെങ്കിലും അത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റേയും കഥയായി മാറുന്നു. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. അതൊരുപക്ഷേ സൗഹൃദമാവാം, പ്രണയമാവാം. എന്നാല്‍ വ്യക്തികള്ക്കിടയിലുണ്ടാവുന്ന ബന്ധങ്ങളെ ഇടയ്ക്കെങ്കിലും വിശകലനം ചെയ്യുന്നത് നന്നായിരിക്കുമെന്നും രണ്ടുപേര്‍ ചിത്രം പറയാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അന്‍വര്‍ അലി അഭിപ്രായപ്പെട്ടു.