അതിവേഗ തീവണ്ടികള്‍-ഒരു ആമുഖം

0
63

വേഗം കൂടിയ തീവണ്ടികള്‍ ലോകത്തെമ്പാടും ഏറ്റവും പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ അതിവേഗ ഗതാഗത സംവിധാനമായാണ് കരുതപ്പെടുന്നത്. അതിവേഗ റെയില്‍ സംവിധാനങ്ങള്‍ക്കും സാധാരണ റെയില്‍ സംവിധാനങ്ങള്‍ക്കും ചില പ്രധാനപ്പെട്ട സാങ്കേതിക വ്യത്യാസങ്ങള്‍ ഉണ്ട്.

എത്ര വേഗതക്കു മുകളില്‍ ഓടുന്ന തീവണ്ടികളെയാണ് അതിവേഗ തീവണ്ടികള്‍ എന്ന് പറയുന്നത് എന്നതില്‍ ഇപ്പോഴും ഏകാഭിപ്രായം ഇല്ല. മണിക്കൂറില്‍ 200 കിലോമീറ്ററിലും കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തീവണ്ടികളെയാണ് സാധാരണയായി അതിവേഗ തീവണ്ടികള്‍ എന്ന് പറയുന്നത് .ചില സാങ്കേതിക വിദഗ്ദ്ധരാകട്ടെ മണിക്കൂറില്‍ 250 കിലോമീറ്ററിലും കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്ന തീ വണ്ടികളെയാണ് അതിവേഗതീവണ്ടികള്‍ എന്ന് കരുതുന്നത്.

സാധാരണ തീവണ്ടികള്‍ ഒന്നോ രണ്ടോ എഞ്ചിനുകളും ഇരുപത്തിനടുത്ത് കോച്ചുകളുമുള്ള സംവിധാനങ്ങളാണ് ഉള്ളത്. കടുത്ത കയറ്റങ്ങള്‍ കയറേണ്ടിവരുന്ന തീവണ്ടികളില്‍ കൂടുതല്‍ എഞ്ചിനുകള്‍ ഉപയോഗിക്കാറുണ്ട്. തെക്കേ ഇന്ത്യയില്‍ തന്നെ സുബ്രമണ്യ ഘട്ട് പോലുള്ള സ്ഥലങ്ങളില്‍ നാല് എഞ്ചിനുകള്‍ വരെ ഒരു പാസ്സഞ്ചര്‍ /എക്‌സ്പ്രസ് തീവണ്ടിയെ വലിക്കാന്‍ ഉപയോഗിക്കാറുണ്ട്. നീളമേറിയ ചരക്കുവണ്ടികള്‍ വലിക്കാനും അധികം എഞ്ചിനുകള്‍ ഉപയോഗിക്കാറുണ്ട്.

ഇത്തരം തീവണ്ടികളില്‍ തീവണ്ടി എഞ്ചിന്‍ ഉല്പാദിപ്പിക്കുന്ന ട്രാക്റ്റീവ് പവര്‍ ( tractive power) എഞ്ചിനുകളോട് ഘടിപ്പിച്ച ചക്രങ്ങളില്‍ മാത്രമേ എത്തുന്നുളൂ .കോച്ചുകളോട് ഘടിപ്പിക്കപ്പെട്ട ചക്രങ്ങള്‍ എഞ്ചിനുമായി ഘടിപ്പിച്ച ചക്രങ്ങള്‍ തീവണ്ടിയെ മുന്നോട്ടു വലിക്കുമ്പോള്‍ ഉരുളുമെങ്കിലും തീവണ്ടിയെ മുന്നിലേക്ക് വലിക്കുന്നതില്‍ അവക്ക് പങ്കൊന്നുമില്ല .ഒരു സാധാരണ തീവണ്ടിയിലെ നൂറിലധികം ചക്രങ്ങളില്‍ എഞ്ചിനോട് ഘടിപ്പിച്ച ഏതാനും ചക്രങ്ങള്‍ മാത്രമാണ് തീവണ്ടിയെ മുന്നോട്ടു തള്ളുന്നത്. ഈ സംവിധാനത്തിന് തീവണ്ടിയെ വലിയ തോതില്‍ ആക്‌സിലറേറ്റ് ചെയ്യാനോ, വലിയ വേഗതകളില്‍ തീവണ്ടിയെ ചലിപ്പിക്കാനോ, വലിയ വേഗതയില്‍ ചലിക്കുന്ന തീവണ്ടിയെ പെട്ടെന്ന് നിര്‍ത്താനോ കഴിയില്ല. ഇക്കാരണത്താല്‍ തന്നെ ട്രാക്റ്റീവ് പവര്‍ റെയിലുകളില്‍ എത്തിക്കുന്ന ചക്രങ്ങളുടെ എണ്ണം കൂട്ടുകയാണ് ഒരു അതിവേഗ തീവണ്ടിയിലേക്കുള്ള ആദ്യ കാല്‍വയ്പ്പ്. ഒരു ഇലക്ട്രിക് ട്രെയിനില്‍ വലിയ ട്രാക്ഷന്‍ മോട്ടോറുകള്‍ എഞ്ചിനില്‍ മാത്രം ഘടിപ്പിക്കാതെ .ഇടത്തരം ട്രാക്ഷന്‍ മോട്ടോറുകള്‍ ഉപയോഗിച്ച പരമാവധി കോച്ചുകളുടെ ചക്രങ്ങള്‍ കറക്കി ട്രാക്റ്റീവ് പവര്‍ ട്രെയിനിലെ ചക്രങ്ങളില്‍ വിതരണം ചെയ്താല്‍ ആ ട്രെയിനിന് പെട്ടെന്ന് വേഗത ആര്‍ജ്ജിക്കാനും സുരക്ഷിതമായി ആ വേഗത നിലനിര്‍ത്താനും, പെട്ടന്ന് വേഗത കുറക്കാനും സാധിക്കും ലോകമെമ്പാടും അതിവേഗ തീവണ്ടികളില്‍ ഈ തത്വമാണ് ഉപയോഗിക്കുന്നത്.

സാധാരണ തീവണ്ടികളില്‍ സിഗ്‌നലുകള്‍ ട്രാക്കിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിഗ്‌നല്‍ ലൈറ്റുകള്‍ വഴിയാണ് നല്‍കുന്നത്. അതിവേഗ തീവണ്ടികളില്‍ ഈ സംവിധാനം അപര്യാപ്തമാണ് അതിവേഗത്തിലോടുന്ന തീവണ്ടികളിലിരുന്നു സിഗ്‌നലുകള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കെ വിവരസാങ്കേതിക വിദ്യ അത്യധികം വികാസം പ്രാപിച്ച ഇക്കാലത്ത് ഇതൊട്ടും ദുഷ്‌കരമല്ല.

റെയില്‍ ട്രാക്കുകളുടെ കൃത്യതയാണ് അതിവേഗ തീവണ്ടികള്‍ക്ക് വേണ്ടുന്ന മറ്റൊരു അടിസ്ഥാന സൗകര്യം. എല്ലാ റെയില്‍ സംവിധാനങ്ങളിലും തീവണ്ടികളുടെ സുരക്ഷിതമായ ഓട്ടത്തിന് ട്രാക്കുകള്‍ കൃത്യതയോടെ സജ്ജീകരിക്കേണ്ടതുണ്ട്. അതിവേഗ തീവണ്ടികളുടെ കാര്യത്തില്‍ കൃത്യത വീണ്ടും വര്‍ധിപ്പിക്കേണ്ടി വരും കടുത്ത വളവുകള്‍ ഒഴിവാക്കിയാണ് അതിവേഗ റെയില്‍ പാതകള്‍ നിര്‍മിക്കുന്നത്. വളവുകള്‍ അനിവാര്യമാകുമ്പോള്‍ അവയിലൂടെ ഓടുമ്പോഴുള്ള വേഗനിയന്ത്രണം ഉറപ്പുവരുത്തണം. ഏതാനും വര്‍ഷം മുന്‍പ് സ്‌പെയിനില്‍ ഉണ്ടായ അതിവേഗ തീവണ്ടി അപകടം വളഞ്ഞ ട്രാക്കിലൂടെ ഓടിയപ്പോള്‍ വേഗത നിയന്ത്രിക്കാത്തതു കൊണ്ടായിരുന്നു.

ഇപ്പോള്‍ നിലവിലുള്ള ഏറ്റവും സുരക്ഷിതവും ഊര്‍ജ്ജ ദക്ഷത (energy efficiency )ഏറിയതുമായ ഗതാഗത സംവിധാനമാണ് അതിവേഗ തീവണ്ടികള്‍. കഴിഞ്ഞ അര നൂറ്റാണ്ടായി അതിവേഗ തീവണ്ടികള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഈ കാലയളവില്‍ വിരലില്‍ എണ്ണാവുന്ന അതിവേഗ തീവണ്ടി അപകടങ്ങളെ ഉണ്ടായിട്ടുളൂ എന്നതും ശ്രദ്ധേയമാണ്.