കുറിഞ്ഞി ഉദ്യാന വിവാദം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ഉന്നതതല യോഗം

0
41

തിരുവനന്തപുരം:നീലകുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ഉന്നതതല യോഗം വിളിച്ചു. ജനുവരി ആദ്യ ആഴ്ചയിലായിരിക്കും യോഗം. മൂന്നാറും കൊട്ടകമ്പൂരും സന്ദര്‍ശ്ശിച്ച മന്ത്രിതല സംഘത്തിലെ അംഗങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

അതേസമയം, ജോയ്‌സ് ജോര്‍ജിന്റേതുള്‍പ്പെടെ വന്‍കിട കൈയ്യേറ്റങ്ങള്‍ മന്ത്രിതല സമിതി കാണാത്ത സാഹചര്യത്തില്‍ യുഡിഎഫ് സംഘവും സ്ഥലം സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താകുറിപ്പിലറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് നീലക്കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുന്നത്. ഈ മാസം പതിനെട്ടിന് മൂന്നാറിലെത്തുന്ന യുഡിഎഫ് നേതാക്കള്‍, അടുത്തദിവസം കൊട്ടാക്കമ്പൂരിലും വട്ടവടയിലും പോകും. ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെടെയുള്ള വന്‍കിട കയ്യേറ്റക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് സ്ഥലം സന്ദര്‍ശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.