ചെവിക്കുള്ളില്‍ കൂടുകൂട്ടി പാറ്റകള്‍; ഞെട്ടലോടെ ഡോക്ടര്‍മാര്‍

0
49

ചെവിയിലും കണ്ണിലും പ്രാണികള്‍ വീഴുന്നത് വല്ലാത്ത അസ്വസ്ഥതയാണ് ഉണ്ടാക്കുക. അപ്പോള്‍ 26 പാറ്റകള്‍ ചേര്‍ന്ന് ചെവിക്കുള്ളില്‍ കൂടുകൂട്ടിയാലോ? അങ്ങനെയൊരു സംഭവം ചൈനയിലുണ്ടായി. അസഹനീയമായ ചെവി വേദന കാരണം ആശുപത്രിയിലെത്തിയ ലീ എന്ന പത്തൊമ്പതുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. 26 പാറ്റകളാണ് യുവാവിന്റെ ചെവിക്കുള്ളില്‍ ഉണ്ടായിരുന്നത്.

ഇലക്ട്രിക് ഓട്ടോസ്‌കോപ്പിന്റെ സഹായത്താല്‍ നടത്തിയ വിശദമായ പരിശോധനയിലാണ് വേദനയ്ക്ക് കാരണം ചെവിക്കുള്ളില്‍ കയറിപ്പറ്റിയ പാറ്റയാണെന്ന് മനസിലാക്കിയത്. ആദ്യം ചെവിക്കുള്ളില്‍ കയറിയ പെണ്‍പാറ്റ ഇരുപത്തിയഞ്ച് മുട്ടകളിട്ട് ബാക്കിയുള്ള പാറ്റകള്‍ക്കും ജീവന്‍ നല്‍കി ചെവിക്കുള്ളില്‍ വാസസ്ഥലമൊരുക്കുകയായിരുന്നു.

മുട്ടയിടുന്നതിനും ആഴ്ചകള്‍ക്കു മുമ്പേ പാറ്റ ചെവിക്കുള്ളില്‍ കയറിക്കൂടിയിരുന്നുവെന്നാണ് ലീയെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. അപ്പോള്‍ തന്നെ ലീ ആശുപത്രിയിലെത്തി പരിശോധന നടത്തിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. പാറ്റകളെ ചെവിയില്‍ നിന്നും പുറത്തെടുക്കാനായെങ്കിലും ഇതുകൊണ്ട് അദ്ദേഹത്തിന്റെ കേള്‍വിക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്.