പാകിസ്ഥാൻ പ്രസ്താവനയില്‍ ശൈത്യകാല സമ്മേളനം ആരംഭിച്ചു

0
37

 

ന്യൂഡൽഹി: പാർലമെൻറ് ശൈത്യകാല സമ്മേളനം ആരംഭിച്ചു. പാകിസ്ഥാനുമായി ചേർന്ന് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ കോൺഗ്രസ് അംഗങ്ങൾ നടത്തിയ ബഹളത്തെ തുടർന്ന് രാജ്യസഭാ നടപടികൾ ഇന്ന് തടസപ്പെട്ടു. പ്രധാനമന്ത്രിയുടെ ആരോപണം ഗൗരവമേറിയതാണെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് സഭയിൽ അവതരിപ്പിച്ചെങ്കിലും രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അതിനെ നിരാകരിച്ചു.

കഴിഞ്ഞ ഇരുപതു വർഷത്തിനിടയിലെ ഏറ്റവും ചുരുങ്ങിയ ശൈത്യകാല സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. ആകെ 14 ദിങ്ങളിലാണ് സഭാസമ്മേളിക്കുന്നത്. പുതിയ മന്ത്രിമാരെ ഇരു സഭകളിലും പ്രധാനമന്ത്രി പരിചയപ്പെടുത്തി. ജെഡിയു അംഗങ്ങളായ ശരത് യാദവ് ,അൻവർ അലി എന്നിവരെ അയോഗ്യരാക്കിയ തീരുമാനം രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു സഭയെ അറിയിച്ചു.തുടർന്ന് ശൂന്യവേളയിലേയ്ക്ക്‌ കടന്നപ്പോളാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ശ്രമിച്ചു എന്ന ആരോപണം ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ ആവശ്യപ്പെട്ടത്. എന്നാൽ ചെയർമാൻ ഈ ആവശ്യം അംഗീകരിച്ചില്ല. ഇതിനെ തുടർന്ന് കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ സഭാ നടപടികൾ ചെയർമാൻ നിർത്തിവെച്ചു.