കേരളമാതൃകയില്‍ കുടുംബശ്രീ ഉഗാണ്ടയിലും

0
42

കോട്ടയം: സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി കുടുംബശ്രീയുടെ പിന്തുണയോടെ ഉഗാണ്ടയില്‍ സ്ത്രീകള്‍ക്കായി സ്വയംപര്യാപ്ത യൂണിറ്റുകള്‍ തുടങ്ങുന്നു. ഇതിന്‍റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ഒന്നിന് ഉഗാണ്ടയില്‍ തുടക്കമായി.

ആറ് മാസത്തിനുള്ളില്‍ സ്ത്രീകളുടെ സംഘങ്ങളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കും. സ്ത്രീകളെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യമാണ് ഉഗാണ്ടയുടേതും.

കൃഷിയിലൂടെയുള്ള മൂല്യവര്‍ധിത ഉത്പന്ന സ്വയംസംരംഭങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. ഇതിനായി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പത്തു ദിവസം ഉഗാണ്ടയിലെത്തി പരിശീലനം നല്‍കി. ‘ഉഗാണ്ട കുടുംബശ്രീ’ എന്ന പേരിലാകും പ്രവര്‍ത്തനം.

ഉഗാണ്ടയിലും കുടുംബശ്രീ പ്രവ‍ൃത്തിക്കുന്നത് കേരളമാതൃകയിലായിരിക്കും.കേരളത്തിലെ അയല്‍ക്കൂട്ടങ്ങള്‍ പോലെയുള്ള ചെറിയ സംഘങ്ങള്‍ക്ക് ആദ്യം രൂപംകൊടുക്കും.സൂക്ഷ്മസംരംഭങ്ങള്‍ എങ്ങനെ ആരംഭിക്കുമെന്നതിനുള്ള പരിശീലനമാണ് രണ്ടാംഘട്ടം. സംഘകൃഷിസംഘങ്ങള്‍, മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ യൂണിറ്റ് എന്നിവക്കാകും പ്രാധാന്യം.

മാര്‍ച്ചില്‍ തൃശ്ശൂര്‍ കിലയില്‍ 25 ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് കുടുംബശ്രീയെപ്പറ്റി ക്ളാസെടുക്കുകയുണ്ടായി. ഉഗാണ്ടന്‍ പ്രതിനിധികള്‍ക്ക് ഇതില്‍ താല്‍പ്പര്യം തോന്നി. ഉഗാണ്ട സര്‍ക്കാരിന്റെ ക്ഷണമനുസരിച്ച്‌ കുടുംബശ്രീ പ്രതിനിധികള്‍ അവിടെയെത്തി പരിശീലനം നല്‍കി. ഫെബ്രുവരിയില്‍ വീണ്ടും ഉഗാണ്ടയില്‍ പോകുന്നുണ്ട്. ആറ് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ണമായി തുടങ്ങും.