ജിഷ കേസ്: ‘രാഷ്ട്രീയ നേതാക്കള്‍ ഫോണ്‍ ചെയ്തതും രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചതും ദുരൂഹം’

0
705

കേരളത്തെ ഞെട്ടിച്ച അരുംകൊലപാതകമായിരുന്നു ജിഷയുടേത്. അക്ഷരാര്‍ത്ഥത്തില്‍ കൊടുംക്രൂരത. ഇങ്ങിനെയൊരു കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് അത് പുറംലോകം അറിയുന്നത്. അതാകട്ടെ ചില മാധ്യമങ്ങളിലൂടെയും. അത്തരത്തില്‍ ജിഷ കൊലക്കേസ് ആദ്യമായി പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകന്‍ രമേഷ് കുമാര്‍ ആ അനുഭവം 24 കേരളയ്ക്കുവേണ്ടി എഴുതുന്നു…

പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ടത് നാട്ടുകാര്‍ അറിഞ്ഞത് 28 /04/2016 രാത്രി ഒമ്പത്‌ മണിയോടെയാണ്. ജിഷ കൊല്ലപ്പെട്ടതറിഞ്ഞ് ആദ്യം എന്നെ വിളിക്കുന്നത് ജോഷി കുര്യന്‍ ആണ്. ആ സമയത്ത് കനത്ത മഴയും. എസ്.ഐ നോബിളിനെ വിളിച്ചപ്പോള്‍ കൊലപാതകം നടന്നു, ഇപ്പോള്‍ വരണ്ട എന്നാണ് മറുപടി കിട്ടിയത്. അതുകൊണ്ട് 29 ന് രാവിലെ 4.45 ന് ഞാന്‍ ജിഷയുടെ വീട്ടിലെത്തി. അവിടെ അപ്പോള്‍ ഒരു പൊലീസ്‌ ജീപ്പും രണ്ട് പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്.

നേരം വെളുത്തു തുടങ്ങിയപ്പോള്‍ വിവരം അറിഞ്ഞ് നാട്ടുകാര്‍ വന്നു തുടങ്ങി. അത് ഞാന്‍ വീഡിയോയില്‍ പകര്‍ത്തി. എസ് ഐ സോണി, സിഐ രാജേഷ്‌ എന്നിവര്‍ സ്ഥലത്തെത്തി ചുറ്റുപാടും എന്തെങ്കിലും ആയുധങ്ങളുണ്ടോ എന്ന് പരിശോധിച്ചു. എവിടെയെങ്കിലും പ്രതി ഒളിച്ചിരിക്കുന്നുണ്ടോ എന്നും അവര്‍ പരിശോധിച്ചു. ഇതിനിടയില്‍ മൃതദേഹം കിടന്ന മുറിയുടെ വാതില്‍ തുറന്ന് എസ് ഐ നോക്കിയപ്പോള്‍ ഞാന്‍ ക്യാമറ ഓണ്‍ ചെയ്ത് രംഗം പകര്‍ത്തി. 29-4-2017ല്‍ രാവിലെ മുതലുള്ള ദ്യശ്യങ്ങള്‍ ആദ്യം എടുത്ത് റിക്കോര്‍ഡ് ചെയ്തത് ഞാന്‍ തന്നെയാണ്.

ഫോറന്‍സിക് വിദഗ്ദര്‍ വന്നപ്പോള്‍ മുറിക്കുള്ളില്‍ വെളിച്ചം ഇല്ലാത്തതിനാല്‍ ഇന്‍ക്വസ്റ്റിന് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. ഒരു ലൈറ്റിന് വേണ്ടി പൊലീസ് നട്ടം തിരിയുന്നത് കണ്ടപ്പോള്‍ ലൈറ്റ് ഞാന്‍ തരാം എന്നെ മൃതദേഹം കാണിച്ച് തരണം എന്ന് പറഞ്ഞു. ഇന്‍ക്വസ്‌റ് കഴിഞ്ഞ് പോസ്റ്റ്‌മോര്‍ട്ടത്തിന് എടുക്കുമ്പോള്‍ കാണിക്കാം എന്ന ഉറപ്പില്‍ എന്റെ പുതിയ എല്‍.ഇ.ഡി വീഡിയോ ലൈറ്റ് അവര്‍ക്ക് കൊടുത്തു.

വീടിന്റെ ഉള്ളിലേക്ക് മാധ്യമ പ്രവര്‍ത്തകരെ കയറ്റി വിടാതിരിക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. അതിനെക്കുറിച്ച് മുതിര്‍ന്ന ഉദ്ദ്യേഗസ്ഥനോട് ചോദിച്ചപ്പോള്‍ ഉള്ളിലേക്ക് കയറുന്നതിനും കാണിക്കുന്നതിനും വിലക്ക് ഉണ്ടെന്നാണ് പറഞ്ഞത്.

അന്ന് ഞാന്‍ മാത്രമാണ് വിശദമായി വീഡിയോ എടുത്തത്. എന്റെ വീഡിയോയാണ് ഇത്രയും ചാനലുകളും പ്രദര്‍ശിപ്പിച്ചത്. പല പ്രമുഖ ചാനലുകൾക്കും എന്റെ വീഡിയോയാണ് അയക്കുന്നത്. ഏപ്രിൽ 29 മുതൽ അമിറുൾ പിടിയിലാകുന്നതുവരെ ഞാൻ ഊണും ഉറക്കവും കളഞ്ഞാണ് വാർത്തക്ക് വേണ്ടി നിന്നത്. ഇതിനിടയിൽ എന്നെ  അപായപ്പെടുത്താനും ശ്രമം നടന്നു. എന്റെ ബൈക്കിന്റെ ബ്രേക്ക് നശിപ്പിച്ചു. കാറിൽ പോറലുകൾ വീഴ്ത്തി. അങ്ങനെ പലതും. അന്ന് ആ വീഡിയോ കൊടുത്തില്ലായിരുന്നു എങ്കിൽ വാർത്ത വിഷ്വൽ ഇല്ലാതെ അവതരിപ്പിക്കണ്ടി വന്നേനേ.

രാവിലെ ഞാന്‍ ചെല്ലുമ്പോള്‍ അവിടെ രണ്ട് പൊലീസുകാര്‍ ഒഴികെ ആരും ഉണ്ടായിരുന്നില്ല. വീടിന് അടുത്തേക്ക് ആര്‍ക്കു വേണമെങ്കിലും കടന്ന് ചെല്ലാമായിരുന്നു. മുന്നിലെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കയായിരുന്നു. വാതിലിന് മുന്നില്‍ മുറ്റത്ത് ഒരു പ്ലാസ്റ്റിക് കവര്‍ ഉണ്ടായിരുന്നു. അടുക്കള ഭാഗത്ത് നില്‍ക്കുന്നവരെ റോഡില്‍ നിന്നാല്‍ കാണാന്‍ കഴിയില്ല. അടുക്കള ഭാഗത്തെ വാതില്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

വാതില്‍ തുറക്കുമ്പോള്‍ മൃതദേഹം മലര്‍ന്ന് കിടക്കുകയായിരുന്നു. വയര്‍ ഭാഗം വരെ വിവസ്ത്രയായിരുന്നു. ഡോഗ് സ്‌ക്വാഡ് വന്ന് മൃതദേഹത്തിന്റെ അടുത്ത് നിന്ന് കിട്ടിയ ഒരു ബുക്കില്‍ നിന്നും മണം പിടിച്ച് മുറ്റത്തുക്കൂടെ
നടന്ന് വീടിന്റെ മുന്നിലൂടെ കനാല്‍ പാലം ക്രോസ് ചെയ്ത് റോഡിലൂടെ കുറെ ദുരം പോയതിന് ശേഷം തിരികെ വന്നു.

ചില സമയം പൊലീസ് നായ നില്‍ക്കുന്നത് കാണാമായിരുന്ന പ്രതി കാനാലിലൂടെ രക്ഷപ്പെട്ടെങ്കില്‍ എന്തു കൊണ്ട് അതിലൂടെ പോയില്ല എന്നതും നോക്കേണ്ടതാണ്. കുറുപ്പംപടി എസ്ഐ, സിഐ എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘം പിന്‍വശത്തെ പറമ്പും പരിസരവും അരിച്ച് പെറുക്കിയിട്ടും ഒരു തുമ്പും കിട്ടിയില്ല. അതുപോലെ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകുന്ന സമയം മുതല്‍ രാജേശ്വരിയുടെ നാത്തൂനായ
ലൈലയുടെ ഫോണിലേക്ക് പെരുമ്പാവൂരിലെ രാഷ്ട്രീയ നേതാക്കള്‍ നിരന്തരം ഫോണ്‍ ചെയ്തത് എന്തിനാണ് എന്നതും രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചതും എന്തിനാണ് എന്നതും ദുരുഹമാണ്. ഇവരെയും വേണ്ട രീതിയില്‍ പൊലീസ് ചോദ്യം ചെയ്തിട്ടില്ല.

ജിഷയുടെ അമ്മ രാജേശ്വരി ആദ്യം വിളിച്ച് പറഞ്ഞത് എന്റെ മകളെ ഒരാൾക്ക് തനിയെ കൊലപ്പെടുത്താൻ കഴിയില്ല, ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകും എന്നാണ്. ഇതര സംസ്ഥാനക്കാരനായ അമിറുൾ ഇസ്ളാമിനെ കണ്ടപ്പോഴും ഇവൻ തന്നെ ചെയ്യില്ല എന്നാണ് പറത്തത്. ഉന്നത പൊലീസുകാര്‍
രാജേശ്വരിയെ കണ്ടതിന് ശേഷം അമിറുൾ ഇസ്ളാം തന്നെയാണ് പ്രതിയെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു.

സംഭവദിവസം രാജേശ്വരി അയല്‍വാസിയായ സാബുവാണ് കൊലയാളി എന്നാണ് പറഞ്ഞിരുന്നത്.
അതിനാല്‍ പൊലീസ്‌ അതിക്രൂരമായി സാബുവിനെ ചോദ്യം ചെയ്തിരുന്നു. സാബുവിന്റെ കൂട്ടുകാരെയും പൊലീസ്‌ മർദ്ധിച്ചിരുന്നു. കഴിഞ്ഞ മാസം സാബു ആത്മഹത്യ ചെയ്തു.