വോട്ടിങ് മെഷീനിലെ കൃത്രിമം: ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്

0
45


ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ വോട്ടിംങ് മെഷീനില്‍ തിരിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. പാഠന്‍, ബനാസ്‌കന്ദ ജില്ലകളിലെ 30 ശതമാനം വോട്ടിംങ് മെഷീനുകളില്‍ തിരിമറി നടന്നതായി സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് ഠാക്കൂര്‍ പറഞ്ഞു.

രണ്ടുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറിലായിരുന്നു. സത്യസന്ധമായാണ് വോട്ടെടുപ്പ് നടന്നതെങ്കില്‍ കോണ്‍ഗ്രസ് ജയിക്കും. തെരഞ്ഞെടുപ്പിന്റെ പലഘട്ടങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ സമീപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതായും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങളിലെ രസീത് എണ്ണണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നുവെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. വോട്ടിങ് രസീത് എണ്ണണമെന്ന കൂടുതല്‍ വിശദാംശങ്ങള്‍ചേര്‍ത്തുള്ള പുതിയ അപേക്ഷ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.