അനൂപ് കൈലാസനാഥ ഗിരി
തിരുവനന്തപുരം: ഹാദിയ കേസ് ഒരിക്കലും വിജയമായിരുന്നില്ലെന്നും കേസ് ഒരു പരാജയമാണെന്ന് അംഗീകരിക്കുക തന്നെ വേണമെന്നും ഹാദിയയുടെ പിതാവ് അശോകന്റെ ആദ്യ അഭിഭാഷകന് അഡ്വ. സി.കെ മോഹനന്. അശോകന് മകളെ എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം 24കേരളയോട് പറഞ്ഞു. മോഹനനായിരുന്നു അശോകന് വേണ്ടി ഹാദിയ കേസ് ആദ്യം വാദിച്ചത്. എന്നാല്‍ അശോകന് പിന്നീട് വക്കാലത്ത് മാറ്റുകയായിരുന്നു.
തീവ്രവാദത്തിനുവേണ്ടി പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി വിദേശത്തേക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന് കേസില്‍ താന്‍ എഴുതിയിരുന്നു. എന്നാല്‍ അന്നത്തെ ജഡ്ജി ഇത്തരം കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ പാടില്ലെന്നും പ്രതിഭാഗത്തു വരുന്നത് മുസ്ലിം വിഭാഗക്കാരായതിനാല്‍ അവരെ വിഷമപ്പെടുത്തുമെന്നും അതിനാല്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യങ്ങള്‍ എഴുതുമെന്ന മറുപടിയാണ് താന്‍ നല്‍കിയത്. ഇതിനെത്തുടര്‍ന്ന് കോടതി എതിരാവുകയും തനിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കുകയും ചെയ്തു. കേസില്‍ തന്നെ ശിക്ഷിച്ചുവെന്നും മോഹനന് പറഞ്ഞു.
ഇതിനിടയില്‍ ഹാദിയയെ യമനിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള വാഗ്ദാനം ഷെറിന് ഷഹാന എന്ന യുവതി നല്‍കിയിരുന്നുവെന്ന പോലീസ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ട് ഹാദിയയ്ക്ക് വീണ്ടും സത്യസരണിയിലേക്ക് തിരിച്ചു പോകുന്നതിനുള്ള അനുമതി ജസ്റ്റിസ് രവീന്ദ്രനും മുഹമ്മദ് മുഷ്താഖും ഉള്‍പ്പെട്ട ബെഞ്ച് നല്‍കുന്നുണ്ട്. അതിനുശേഷമാണ് വക്കാലത്ത് മാറുന്നത്-സി.കെ.മോഹനന് പറഞ്ഞു.
അടിസ്ഥാനപരമായ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചിട്ടില്ലെന്നും കോടതി ഒരു വിവാഹ വിഷയമായി മാത്രമാണ് കേസിനെ ഏറ്റെടുത്തതെന്നും അദ്ദേഹം പറയുന്നു. കേസ് ഫയല്‍ ചെയ്തതിന്റെ 125 ദിവസം കഴിഞ്ഞതിനുശേഷമാണ് വിവാഹം നടന്നത്. കോടതിയുടെ കണ്ണുവെട്ടിക്കാന്‍ വേണ്ടിയാണ് വിവാഹം നടത്തിയത്. ഇക്കാര്യം കോടതിയില്‍ പറഞ്ഞിരുന്നില്ല. ഇത് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഹാദിയയോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
കൂടാതെ ഹാദിയ പിതാവിനോട് എനിക്ക് സിറിയക്കുപോകാന് താല്പര്യമുണ്ടെന്ന് പറയുന്ന ഓഡിയോ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഞാന്‍ സത്യസരണിയിലാണ്. അച്ഛനെന്നെ കാണാന്‍ കാണാന്‍ വരണമെന്നും ഹാദിയ ഓഡിയോയില്‍ പറയുന്നു. എന്നാല്‍ അതിനുശേഷം തനിക്ക് സിറിയയിലേക്ക് പോകാന്‍ താല്പര്യമില്ലെന്നാണ് ഹാദിയ പറയുന്നത്. യമനിലേക്കും സിറിയയിലേക്കും പോയ നിരവധി പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിലപാട് മാറ്റം. ഈ വിഷയം ആരും സുപ്രീം കോടതിയില്‍ ഉന്നയിച്ചിട്ടില്ല. ഹാദിയ സിറിയയിലേക്ക് പോകാന്‍ പദ്ധതിയിട്ടതിന് പിന്നില്‍ മറ്റ് പലരുമുണ്ടെന്നും ഈ വിഷയവും സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അഭിഭാഷകന് പറയുന്നു.
സിറിയയ്ക്കു പോകാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന ഹാദിയയുടെ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസെന്ന് ശരിയായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതൊരു വലിയ വീഴ്ചയാണെന്നും അഡ്വ. സി.കെ മോഹനന് 24കേരളയോട് പറഞ്ഞു.