കുഞ്ഞുങ്ങളിലെ കഫക്കെട്ട്

0
166

ചെറിയ കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇടയ്ക്കിടെയ്ക്ക് ഉണ്ടാകുന്ന കഫക്കെട്ട് കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പലകാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന കഫക്കെട്ട് പലപ്പോഴും ന്യുമോണിയ പോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുന്നു. തൊണ്ടയിലോ മൂക്കിലോ ഉണ്ടാകുന്ന കഫത്തിന്‌റെ അംശം പോലും കുഞ്ഞുങ്ങള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

രണ്ട് രീതിയിലാണ് കുട്ടികളില്‍ കഫക്കെട്ട് ഉണ്ടാകുന്നത്. രോഗാണുബാധ മൂലവും അലര്‍ജി മൂലവും. ശ്വാസകോശം, തൊണ്ട, മൂക്ക് തുടങ്ങിയ ഇടങ്ങളിലെ അണുബാധമൂലം പനി ഉണ്ടാകുമ്പോള്‍ രോഗാണുക്കളോടുള്ള ചെറുത്തുനില്പിന്റെ ഫലമായി കഫക്കെട്ട് ഉണ്ടാകുന്നു.

അലര്‍ജിയാണ് കഫം ഉണ്ടാകാനുള്ള മറ്റൊരു കാരണം. ശരീരത്തില്‍ കടന്ന് കൂടിയിരിക്കുന്ന അലര്‍ജിക്ക് കാരണമായ വസ്തുക്കള്‍ പുറംതള്ളാനുള്ള ശരീരത്തിന്‌റെ പ്രവര്‍ത്തനമാണ് കഫത്തിന് കാരണമാകുന്നത്.
കുട്ടികള്‍ക്ക് പശുവിന്‍ നല്‍കുന്നത് കഫക്കെട്ടിന് കാരണമാകുന്നു. അതുകൊണ്ടുതന്നെ പാല്‍ നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടികള്‍ക്ക് പാലില്‍ രണ്ടിരട്ടിയും നാലുമാസം പ്രായമായ കുട്ടികള്‍ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്‍കേണ്ടത്.

അതുപോലെ തൊണ്ടയുടെ ഭാഗത്തുള്ള അഡ്രിനോയിഡ് ഗ്രന്ഥികളിലെ നീര്‍ക്കെട്ടും കഫക്കെട്ടിന് കാരണമാകാറുണ്ട്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് ഈ ഗ്രന്ഥി പ്രവര്‍ത്തനം നിലയ്ക്കാതെ വളരുമ്പോഴാണ് പ്രശ്‌നം ഗുരുതരമാകുന്നത്.