പ്രിയപ്പെട്ട പ്രധാനമന്ത്രി, ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്നും ഉയരുന്ന പ്രതിഷേധസ്വരങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ പറ്റുന്നുണ്ടോ?: പ്രകാശ് രാജ്

0
60

ചെന്നൈ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാത്ത ബിജെപിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ഫെയ്സ്ബുക്കിലൂടെയാണ് പ്രകാശ് രാജിന്റെ പരിഹാസം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട പ്രധാനമന്ത്രി, വിജയത്തിന് അഭിനന്ദനങ്ങള്‍, പക്ഷേ ഈ വിജയത്തില്‍ നിങ്ങള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?, പ്രകാശ് രാജ് ചോദിക്കുന്നു. ജസ്റ്റ് ആസ്‌ക്കിംഗ് എന്ന ഹാഷ് ടാഗും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ‘വികാസ്’ കൊണ്ട് വരും എന്ന് പറഞ്ഞ 150ല്‍ അധികം സീറ്റുകള്‍ എവിടെയെന്ന് ചോദിക്കുന്നതിനൊപ്പം വിഭാഗീയ രാഷ്ട്രീയം വിലപോയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പാകിസ്ഥാനും, മതവും, ജാതിയും മാത്രമല്ല രാജ്യത്തെ പ്രശ്‌നങ്ങള്‍. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഇന്ത്യയിലെ ഉള്‍നാടുകളിലാണുള്ളതെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടുന്നു. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഇന്ത്യന്‍ ഗ്രാമങ്ങളുടെയും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുകയാണ്. താങ്കള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം ഉയര്‍ത്തുന്ന വിമര്‍ശനാത്മക ചോദ്യങ്ങള്‍.

നഗരകേന്ദ്രീകൃതമായ ഇടങ്ങളില്‍ ബിജെപി വോട്ട് ഉറപ്പിച്ചപ്പോള്‍ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും പ്രതിഷേധം മറികടക്കാന്‍ ബിജെപിയ്ക്ക് ആവനാഴിയിലെ അമ്പുകള്‍ മുഴുവന്‍ മതിയായില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആ സാഹചര്യത്തിലാണ് ബിജെപിയുടെ ജനവിരുദ്ധവും തീവ്രഹിന്ദുത്വപരവുമായ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പ്രകാശ് രാജ് രംഗത്ത് വരുന്നത്.