കെ.ശ്രീജിത്ത്
ഇതാദ്യമായി രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ ഒരു ഹീറോ ആയി മാറിയിരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരീക്ഷണത്തില്‍ രാഹുല്‍ ഗാന്ധി വിജയത്തിന് തുല്യമായ മുന്നേറ്റം നടത്തി എന്നതില്‍ തര്‍ക്കമില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി കഷ്ടിച്ച് ജയിച്ചെങ്കിലും കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന ധാര്‍മിക ജയം വളരെ വലുതാണ്. മാത്രമല്ല രാഹുല്‍ ഗാന്ധിയെ ഒരു നേതാവെന്ന നിലയില്‍ എന്നും കുറച്ചുകണ്ടിരുന്ന നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കും ഇനി ആ സമീപനം മാറ്റേണ്ടിവരും.
രാഷ്ട്രീയ അനുഭവങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി പഠിച്ചിട്ടുണ്ട് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്തവണത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രചാരണം. കൃത്യമായി രാഷ്ട്രീയം പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഗുജറാത്തിലുടനീളം പ്രചരണം നടത്തിയത്. ഉരുളയ്ക്ക് ഉപ്പേരിയെന്നോണം നരേന്ദ്ര മോദിയ്ക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം മുന്നേറിയത്. നോട്ട് നിരോധനവും ജിഎസ്ടിയും ദളിത് പീഡനവുമെല്ലാം അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ കടന്നുവന്നു. തങ്ങള്‍ക്കനുകൂലമായ വിഷയങ്ങള്‍ ഏതൊക്കെയെന്ന് കൃത്യമായി പഠിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രബിന്ദു അതിലേയ്ക്ക് മാറ്റാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിഞ്ഞു. അതുവഴി തിരഞ്ഞെടുപ്പില്‍ ഒരു അജണ്ട നിര്‍മിക്കാനും ബിജെപിയെ അതിലേയ്ക്ക് കൊണ്ടുവരാനും രാഹുലിന് കഴിഞ്ഞു. അതുകാരണം
കോണ്‍ഗ്രസ് പറയുന്ന രാഷ്ട്രീയത്തിന് മറുപടി പറയാന്‍ മാത്രമെ ബിജെപിയ്ക്ക് സമയം ലഭിച്ചുള്ളൂ. തിരഞ്ഞെടുപ്പില്‍ ആദ്യം തന്നെ അജണ്ട നിര്‍മിക്കാനും കോണ്‍ഗ്രസിനെ അതിന് പിന്നിലേയ്ക്ക്, രണ്ടാമതായി മാത്രം കൊണ്ടുവരുന്നതിലും ബിജെപി പരാജയപ്പെട്ടതിന് കാരണം രാഹുല്‍ ഗാന്ധിയുടെ ഈ നീക്കങ്ങളായിരുന്നു. പല സമയത്തും നരേന്ദ്ര മോദി വിയര്‍ത്തുപോയി. പാകിസ്താനെയും മന്മോഹന്സിങിനെയുമൊക്കെ ഗുജറാത്ത് തിരഞ്ഞെടുപ്പിലേയ്ക്ക് വലിച്ചിഴച്ച് അദ്ദേഹം ഉയര്‍ത്തിയ ദയനീയമായ വാദങ്ങള്‍ ഇതിന്റെ കൃത്യമായ ഉദാഹരണമാണ്.
ഗുജറാത്ത് തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിനുണ്ടായിട്ടുള്ള പുതുജീവന്‍ പ്രധാനമായും കാരണമായിട്ടുള്ളത് ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ വളര്‍ച്ച തന്നെയാണ്.
നിരന്തരം യാത്ര ചെയ്യാനും പ്രചാരണം നടത്താനുമുള്ള രാഹുല്‍ ഗാന്ധിയുടെ ഊര്‍ജം പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ ശരീരഭാഷ തന്നെ മാറി. ആത്മവിശ്വാസമുള്ള ഒരു നേതാവായി അദ്ദേഹം വളര്‍ന്നുകഴിഞ്ഞു. അണികളില്‍ ഊര്‍ജം പ്രസരിപ്പിക്കാനും തങ്ങള്‍ക്കൊരു നേതാവുണ്ടെന്ന് അവര്‍ക്ക് തോന്നിപ്പിക്കാനും രാഹുല്‍ ഗാന്ധിയ്ക്ക് ഒരുപക്ഷെ ഇതാദ്യമായി കഴിഞ്ഞു. ഇനി രാഹുലിന് ധൈര്യമായി, പതിന്മടങ്ങ് ഊര്‍ജത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മുന്നേറാന്‍ കഴിയും.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇനി ഒന്നേകാല്‍ വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഇനി രാഹുലിന് ധൈര്യമായി മുന്നോട്ടുപോകാം.