ഹിമാചലില്‍ ഭരണ വിരുദ്ധ വികാരം ബിജെപിക്ക് തുണയായി

0
45


ഷിംല: ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയില്‍ ബിജെപി കേവല ഭൂരിപക്ഷം കടന്നു. ആകെയുള്ള 68 സീറ്റുകളില്‍ 45 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് 20 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 3 സീറ്റിലും മുന്നിലാണ്. അതേസമയം, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ദൂമല്‍ പിന്നിലായത് ബിജെപിക്ക് തിരിച്ചടിയായി.

നിലവില്‍ ഹിമാചലില്‍ കോണ്‍ഗ്രസിനെതിരായുള്ള ഭരണവിരുദ്ധ വികാരം ബിജെപിയ്ക്ക് തുണയാകുകയായിരുന്നു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി വീരഭന്ദ്ര സിംഗിനെതിരേ ഉയര്‍ന്നുവന്ന നിരവധി അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.

ഹിമാചല്‍പ്രദേശിലെ തിയോഗില്‍ സിപിഎമ്മും ഒരു സീറ്റില്‍ മുന്നിലെത്തി. മുന്‍ എംഎല്‍എ രാകേഷ് സിംഘയാണ് തിയോഗില്‍ മുന്നിട്ടു നില്‍ക്കുന്നത്. സിപിഎമ്മിനു വെല്ലുവിളി ഉയര്‍ത്തി തിയോഗില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 13 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിച്ചത്.

കോണ്‍ഗ്രസും ബിജെപിയും ഹിമാചലില്‍ ഒരുപോലെ വിജയപ്രതീക്ഷ പുലര്‍ത്തിയിരുന്നെങ്കിലും എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ ബിജെപിയ്ക്കൊപ്പമായിരുന്നു. 55 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നായിരുന്നു എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍.