‘എസ് ദുര്‍ഗ്ഗ’യ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സെന്‍സര്‍ ബോര്‍ഡ്

0
80

കൊച്ചി: ‘എസ് ദുര്‍ഗ’ എന്ന് പേര് മാറ്റിയിട്ടും സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ‘സെക്സി ദുര്‍ഗ’ എന്ന പേരിന് വീണ്ടും പ്രചാരണം നല്‍കുകയാണെന്ന് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയെ ബോധിപ്പിച്ചു. സിബിഎഫ്സി തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചിരിക്കുന്നത്. സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് ‘സെക്സി ദുര്‍ഗ’യുടെ നിര്‍മ്മാതാവ് ഷാജി മാത്യുവും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായിട്ടാണ് സെന്‍സര്‍ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സിബിഎഫ്സിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന വിധത്തില്‍ പെരുമാറുന്നെന്നും ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവര്‍ പിന്തുടരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ‘സെക്സി ദുര്‍ഗ’ എന്ന പേര് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടും മാറ്റിയ പേരില്‍ ചിഹ്നങ്ങള്‍ നല്‍കിയിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ ഫെയ്സ്ബുക്ക് പേജില്‍ ‘സെക്സി ദുര്‍ഗ’ എന്ന പേര് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സിനിമയുടെ പേര് മാറ്റിയതായി അറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റില്‍  ‘എസ്’

എന്നതിന്റെ നിര്‍വചനം നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ കരുതാമെന്നും സംവിധായകന്‍ പറഞ്ഞതായി സിബിഎഫ്സി ചൂണ്ടിക്കാട്ടുന്നു. സിബിഎഫ്സി ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം നടത്തിയിട്ടാണ് നീതി തേടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയിരിക്കുന്നതെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടി.