അതിമനോഹരമായി കൈ കാലുകളിലെ നഖങ്ങള്‍ അലങ്കരിക്കുന്നത് പുതുതലമുറയുടെ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. നെയില്‍ ആര്‍ട്ട് എന്ന ട്രെന്‍ഡ് കടന്നുവന്നതോടെ മൈലാഞ്ചിയും നെയില്‍ പോളിഷുകളും പിന്തള്ളപ്പെട്ടു.
ഇനി നെയില്‍ ആര്‍ട്ട് വിശേഷത്തിലേയ്ക്ക്…
വീട്ടില്‍വച്ചുതന്നെ നെയില്‍ ആര്‍ട്ട് നടത്തുവാന്‍ സഹായിക്കുന്ന നെയില്‍ ആര്‍ട്ട് കിറ്റ് ഇന്നു ലഭിക്കും. ഒരു കിറ്റില്‍ വ്യത്യസ്ത വര്‍ണങ്ങളിലെ നെയില്‍ പോളിഷ് ഉണ്ടാകും. വ്യത്യസ്ത ഡിസൈനുകള്‍ കൊത്തുവാന്‍ സഹായിക്കുന്ന പ്രിന്റിങ് പ്ലേറ്റ്, സ്റ്റാന്പിംഗ് സ്പോഞ്ച്, പലതരത്തിലുള്ള ടൂളുകള്‍ തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അലങ്കാരങ്ങള്‍ക്കായി ഗ്ലിറ്റര്‍, മുത്തുകള്‍, നക്ഷത്ര പുഷ്പ മാതൃകകള്‍ അങ്ങനെ വ്യത്യസ്ത ഡിസൈനുകള്‍.
കിറ്റില്‍ ലഭിക്കുന്ന പ്രിന്റിംഗ്പ്ലേറ്റിലെ കുഴികളില്‍ വിവിധ നിറങ്ങളിലെ നെയില്‍ പോളിഷ് ഒഴിച്ചശേഷം കിറ്റില്‍തന്നെ ലഭിക്കുന്ന സ്റ്റാന്പിംഗ് സ്പോഞ്ചുകൊണ്ട് ഓരോ നിറത്തിലും മുക്കി നഖങ്ങള്‍ അലങ്കരിക്കാം. നഖങ്ങളിലേക്കു വിവിധ മാതൃകകള്‍ പകരുവാന്‍ സഹായിക്കുന്ന കൂര്‍ത്തതും പരന്നതുമായ വ്യത്യസ്ത സ്റ്റിക്കുകള്‍ ലഭ്യമാണ്. നെയില്‍ ആര്ട്ടിനുവേണ്ടിയുള്ളതിനാല് സാധാരണ നെയില്‍ പോളിഷിനെക്കാള്‍ കട്ടിയുള്ളവയാണ് കിറ്റുകളില്‍ ലഭിക്കുന്നത്.
നമ്മുടെ അഭിരുചിക്കനുസരിച്ച് ഗ്ലിറ്ററോ ചെറിയ മുത്തുകളോ ഒക്കെ പതിപ്പിക്കാം. ക്യൂട്ടക്സ് ഉണങ്ങുന്നതിനു മുന്‍പ് ഇവ പതിച്ചശേഷം മുകളില്‍ നിറമില്ലാത്ത നെയില്‍ പോളിഷ് ക്ലിയര്‍ ഇടാം. ക്ലിയര്‍ പോളിഷ് അലങ്കാരങ്ങള്‍ നഖത്തില്‍ ഒട്ടിയിരിക്കാന്‍ സഹായിക്കും. കൂടുതല്‍ തിളക്കവും ലഭിക്കും. കിറ്റില്‍ ലഭിക്കുന്ന ചെറിയ സെല്ലോടേപ്പ് നഖത്തിന്റെ നടുഭാഗത്ത് ഒട്ടിച്ചശേഷം രണ്ടു വശങ്ങളിലും ഇഷ്ടമുള്ള ക്യൂക്സ് ഇടാം. ഉണങ്ങിയശേഷം സെല്ലോടേപ്പ് മാറ്റുമ്പോള്‍ ലഭിക്കുന്ന സ്പേസ് മുത്തുകൊണ്ടോ ഗ്ലിറ്റര്കൊണ്ടോ അല്ലെങ്കില്‍ ഡോട്ടുകള്‍ ഇട്ടോ ഭംഗിയാക്കാം.