ഇന്ദിര ഭരിച്ചത് 18 സംസ്ഥാനങ്ങള്‍, നമ്മള്‍ 19 എണ്ണം ഭരിക്കുന്നു: മോദി

0
49


ന്യൂഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി നേടിയ വിജയം ഇന്ദിരയുടെ കാലത്ത് പോലും കോണ്‍ഗ്രസിന് സാധിക്കാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത്-ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിനെത്തിയ പ്രധാനമന്ത്രിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായേയും എഴുന്നേറ്റു നിന്ന് കൈയടിച്ചു കൊണ്ടാണ് അംഗങ്ങള്‍ സ്വാഗതം ചെയ്തത്.

നമ്മള്‍ ഇപ്പോള്‍ 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ട്. ഇതൊരു വലിയ വിജയമാണ്. ഇന്ദിരാഗാന്ധയുടെ കാലത്ത് പോലും കോണ്‍ഗ്രസിന് 18 സംസ്ഥാനങ്ങളിലാണ് ഒരേസമയം വിജയം നേടാന്‍ സാധിച്ചത്. 1984-ല്‍ രണ്ട് സീറ്റ് ജയിച്ചു കൊണ്ട് പാര്‍ലമെന്റിലെത്തിയ പാര്‍ട്ടിയുടെ യാത്ര ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ വാക്കുകള്‍. പാര്‍ട്ടി വളര്‍ച്ചയുടെ ഉന്നതിയിലാണെങ്കിലും വരും മാസങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഒരുരീതിയിലുള്ള അലംഭാവവും പാടില്ലെന്നും പ്രധാനമന്ത്രി സഹപ്രവര്‍ത്തകരോട് പറഞ്ഞു. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയം നേടാനായി പാര്‍ട്ടിയുടെ പ്രവര്‍ത്തനം ബൂത്ത് തലം മുതല്‍ ശക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാനായി എന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തേയും യോഗത്തില്‍ പ്രധാനമന്ത്രി പരിഹസിച്ചു. ചിരിപ്പിക്കുന്ന ചില അവകാശവാദങ്ങളുമായി കോണ്‍ഗ്രസ് തങ്ങളുടെ തോല്‍വിയെ വിജയമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു.