ചിലരെങ്കിലും സമ്പന്നമായ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദസഞ്ചയമാണ് ”പെട്രോളും മണ്ണെണ്ണയും ഒഴുകുന്ന ഒരിടം ” എന്നത്. എന്നാല്‍ ഇത്തരം ഒരു സ്ഥലം നമ്മുടെ സൗരയൂഥത്തില്‍ തന്നെ ഉണ്ട് ശനിയുടെ ഉപഗ്രഹമായ ടൈറ്റന് ആണ് ആ സ്ഥലം. പെട്രോളിന് പകരം പെട്രോളിനേക്കാള്‍ ഊര്‍ജ്ജ സാന്ദ്രതയുള്ള ഹൈഡ്രോ കാര്‍ബണ്‍ ആയ ദ്രവരൂപത്തിലുള്ള മീഥേന്‍ (ലികുഫൈഡ് നാച്ചുറല്‍ ഗ്യാസ്( LNG )) ആണ് ടൈറ്റനില്‍ ഒഴുകുകയും മഴയായി പെയ്തിറങ്ങുകയും ചെയ്യുന്നത്.ഭൂമിയില്‍ ജല ചക്രം ഉള്ളതുപോലെ ടൈറ്റാനില്‍ മീഥേന്‍ ചക്രം ഉണ്ട്. ഖര ,ദ്രാവക ,വാതക അവസ്ഥകളില്‍ മീഥേന്‍ ടൈറ്റനില്‍ നിലനില്ക്കുന്നു. തടാകങ്ങള്‍ (സമുദ്രങ്ങള്‍)ആയും നദികളായും മേഘമായും മഞ്ഞായും ടൈറ്റനിലുള്ളത് മീഥേന്‍ തന്നെ.

എഴുപതുകള്‍ മുതല്‍ തന്നെ ടൈറ്റനില്‍ മീഥേന്‍ സമുദ്രങ്ങളും മീഥേന്‍ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥയും ഉള്ളതായി സംശയിക്കപ്പെട്ടിരുന്നു .ആ സംശയങ്ങളെല്ലാം ശനിയിലും ശനിയുടെ ഉപഗ്രഹങ്ങളിലും പര്യവേഷണം നടത്തിയ കാസ്സിനി പര്യവേഷണ പേടകം ശരി വെക്കുകയായിരുന്നു. ടൈറ്റന്റെ അന്തരീക്ഷത്തില്‍ ഏറിയ പങ്കും ഭൂമിയിലെപ്പോലെ നൈട്രജനാണ്. മീഥേന്‍ ഈ നൈട്രജന്‍ അന്തരീക്ഷത്തില്‍ വാതകമായും ഭൂമിയിലെപ്പോലെ മേഘങ്ങളായും സ്ഥിതിചെയ്യുന്നു. ഭൂമിയിലേതിന് സമാനമായി ടൈറ്റനിലെ മീഥേന്‍ മേഘങ്ങള്‍ മഴയായി പെയ്തിറങ്ങുമ്പോള്‍ ടൈറ്റനില്‍ നദികളും തടാകങ്ങളും രൂപപ്പെടുന്നു. ഈ നദികളില്‍ നിന്നും തടാകങ്ങളിനിന്നും ബാഷ്പീകരണം വഴി മീഥെന്‍ ടൈറ്റന്റെ അന്തരീക്ഷങ്ങളില്‍ എത്തി വീണ്ടും മീഥേന്‍ മഴയായി ടൈറ്റനിലെ മീഥേന്‍ ചക്രം പൂര്‍ണമാകുന്നു.

ടൈറ്റനിലെ ഏറ്റവും വലിയ മീഥേന്‍ സമുദ്രം/തടാകം ക്രാക്കന്‍ മാരെ ആണ്. നാലു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ മീഥേന്‍ സമുദ്രം ഭൂമിയിലെ കാസ്പിയന്‍ കടലിനേക്കാള്‍ വലിപ്പം ഉള്ളതാണ്. ക്രാക്കന്‍ മാരെ യില്‍ അനേകം ദ്വീപുകളും ഉണ്ട്. ടൈറ്റനിലെ രണ്ടാമത്തെ വലിയ കടലായ ലീജിയ മാരെ കാസ്പിയന്‍ കടലിനേക്കാള്‍ ചെറുതാണ്. ഈ രണ്ടു കടലുകളിലേക്കും പ്രവഹിക്കുന്ന ധാരാളം നദികളെയും കാസ്സിനിയിലെ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ ചിത്രങ്ങളില്‍ വ്യക്തമായി കാണാം. ടൈറ്റനിലെ ഒരു വന്‍ മീഥേന്‍ നദിയാണ് വിദ് ഫ്ലുമിന ടൈറ്റനിലെ നൈല്‍ എന്നാണ് ഈ നദിയെ ശാസ്ത്രകാരന്മാര് വിശേഷിപ്പിക്കുന്നത്. നാനൂറു കിലോമീറ്ററിലധികം നീളമുള്ള ഈ മീഥേന്‍ നദി ലീജിയ മാരെയിലാണ് അവസാനിക്കുന്നത്.
സന്തുലിതാവസ്ഥയിലുള്ള ഒരു ഹൈഡ്രോ കാര്‍ബണ്‍ സൈക്കിള്‍ നിലനില്‍ക്കുന്ന ടൈറ്റനില്‍ സങ്കീര്‍ണമായ ജൈവ തന്മാത്രകള് ഉടലെടുക്കാനും, നിലനില്ക്കാനും, പരിണാമപ്രക്രിയയിലൂടെ അതിസങ്കീര്‍ണമായ സവിശേഷതകള്‍ കൈവരിക്കാനുമുള്ള സാധ്യത വളരെ വലുതാണ്.