ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി തിര.കമ്മീഷന്‍

0
37


ചെന്നൈ: ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ട നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും വിജയം സ്വന്തമാക്കാനുള്ള അവസാന അടവ് എന്ന നിലയിലാണ് ടിടിവി ദിനകരന്‍ പക്ഷം ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ അന്വേഷണ കമ്മീഷന് നല്‍കുമെന്നും സ്വകാര്യത കണക്കിലെടുത്താണ് നേരത്തേ പുറത്തുവിടാതിരുന്നതെന്നും ദിനകരന്‍ പക്ഷത്തെ മുന്‍ എംഎല്‍എ വെട്രിവേല്‍ പറഞ്ഞു. ജയലളിത ആശുപത്രിയിലെത്തുമ്പോള്‍ ആരോഗ്യവതിയായിരുന്നെന്നും വെട്രിവേല്‍ പ്രതികരിച്ചു.

അതേസമയം അന്വേഷണം നടക്കുന്നതിനിടെ വീഡിയോ പുറത്തുവിട്ടത് ദുരുദ്ദേശപരമെന്ന് ധനമന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. അന്വേഷണ കമ്മീഷന് മുന്‍പാകെ ഈ വീഡിയോ നല്‍കാഞ്ഞതെന്തെന്നും സുരക്ഷാച്ചട്ടങ്ങള്‍ ലംഘിച്ച് ആരാണ് വീഡിയോ എടുത്തതെന്നും അദ്ദേഹം ചോദിച്ചു. ജയലളിതയെ മുന്‍പും പല തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇത് അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ തന്നെയാണോ എന്നുറപ്പില്ലെന്നും ജയകുമാര്‍ പറഞ്ഞു.