ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0
47

 


തിരുവനന്തപുരം: ഫാബ് അക്കാദമിയുടെ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന ഡിപ്ലോമ കോഴ്സിലേക്ക് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി മുതല്‍ ജൂണ്‍ വരെ നടക്കുന്ന ഡിപ്ലോമ കോഴ്സിലേക്ക് ബിരുദധാരികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 25ന് ആണ് അപേക്ഷിക്കേണ്ട അവസാന തിയതി.
ആശയങ്ങളെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതാണ് ഫാബ് അക്കാദമി. ഡിജിറ്റല്‍ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട 16 മൊഡ്യൂകളായാണ് കോഴ്‌സിന്‌റെ ഘടന.
2ഡി, 3ഡി മോഡലിംഗ്, ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, ഇലക്ട്രോണിക്സ് പ്രോഗ്രാമിംഗ്, വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്മെന്റ് എന്നിവയില്‍ പ്രാഥമികതല ധാരണ അഭികാമ്യമാണ്. മുഴുവന്‍ സമയ കോഴ്സാണ് ഫാബ് അക്കാഡമിയുടെ ഡിപ്ലോമ കോഴ്സ്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാബ്ലാബ് ആണ് ഫാബ് അക്കാദമി പ്രോഗ്രാം നടത്തുന്നത്. ജനുവരി മൂന്നാം വാരം ആരംഭിക്കുന്ന കോഴ്‌സ് തിരുവനന്തപുരത്തും കൊച്ചിയിലും ആയി പത്തു വിദ്യാര്‍ത്ഥികള്‍ വീതമുള്ള രണ്ടു ബാച്ചുകളായാണ് നടത്തുക.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി നടക്കുന്ന ഫാബ് അക്കാദമി കോഴ്‌സിലൂടെ ഇതിനോടകം ഇരുപത്തിയെട്ടോളം ഫാബ് വിദഗ്ധരെയാണ് കേരളത്തില്‍നിന്ന് സൃഷ്ടിച്ചെടുത്തത്. ഇവരില്‍ പലരും ഇന്ന് വിദേശ രാജ്യങ്ങളിലും വിവിധ സംസ്ഥാനങ്ങളിലും ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9809494669 (വിനോദ് കുമാര്‍ ബി.ജി., ഫാബ് ലാബ് കേരള, തിരുവനന്തപുരം), 9747572989 (ഡാനിയല്‍ ജീവന്‍, ഫാബ് ലാബ് കേരള, കൊച്ചി) എന്നീ ഫോണ്‍ നമ്ബരുകളില്‍ ബന്ധപ്പെടാം.