കൊച്ചി: പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടി അമലാപോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഹൈക്കോടതിയിലാണ് അമലപോള്‍ ജാമ്യാപേക്ഷ നല്‍കിയത്. സമാനമായ കേസില്‍ നേരത്തെ നടന് ഫഹദ് ഫാസിലും ആലപ്പുഴ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഫഹദിന്റെ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും.
പോണ്ടിച്ചേരിയിലെ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമലാപോളിനും നടന് ഹഫദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
എന്നാല്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ഇരുവരും അഭിഭാഷകന് മുഖേന ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കുകള്‍ കാരണം ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് അമലാപോള്‍ ആവശ്യപ്പെട്ടത്.
സമാന സാഹചര്യത്തില്‍ നേരത്തെ സുരേഷ് ഗോപിയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മൂന്നാഴ്ചത്തേക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. എന്നാല്‍ അന്വേഷണ ഉദ്ദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് അദ്ദേഹത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു.