ഇന്ത്യയുമായി യുദ്ധമല്ല ചര്‍ച്ചയാണ് വേണ്ടത്: പുതിയ നീക്കവുമായി പാക്ക് സൈന്യം

0
32

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അനുകൂല നിലപാടുമായി പാക്ക് സൈന്യം. യുദ്ധമല്ല സമാധാനമാണ് വേണ്ടത്, അതിനു ചര്‍ച്ചകള്‍ നടത്തണം. ജനാധിപത്യ സര്‍ക്കാരിന്റെ ഏതു തീരുമാനത്തെയും പാക്ക് സൈന്യം സ്വാഗതം ചെയ്യുന്നു. ഇന്ത്യയുമായി സമാധാനമാണ് പാക്ക് സൈന്യം ആഗ്രഹിക്കുന്നതെന്നും പാക്ക് സെനറ്റിനു നല്‍കിയ വിശദീകരണത്തില്‍ പാക്ക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ വ്യക്തമാക്കി.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം വേണമെന്ന് പാക്കിസ്ഥാനിലെ എംപിമാരോടു സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയില്‍ ആക്കുന്നതിനുള്ള നടപടികള്‍ക്കു സൈന്യത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ബജ്വ പറഞ്ഞു. സെനറ്റ് കമ്മിറ്റിയില്‍ സംസാരിക്കവേയാണ് അദ്ദേഹം നിലപാടു വ്യക്തമാക്കിയത്.

ഇന്ത്യയുമായുള്ള സമാധാന ശ്രമങ്ങള്‍ക്ക് എതിരു നില്‍ക്കുന്നതു പാക്ക് സൈന്യമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് തെറ്റാണെന്നും സമാധാന ശ്രമങ്ങള്‍ക്കു തങ്ങള്‍ മുന്‍കൈയെടുക്കാറുണ്ടെന്നും തെളിയിക്കുന്നതിനാണു നിലപാട് മാറ്റമെന്നു വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്.അതേസമയം, ഇന്ത്യന്‍ സേനയിലെ ഒരു വലിയ വിഭാഗം പാക്കിസ്ഥാന് എതിരാണെന്ന് ബജ്‌വ പറഞ്ഞു. അഫ്ഗാന്‍ ഇന്റലിജന്‍സുമായും ദേശീയ സുരക്ഷാ ഡയറക്ടറേറ്റുമായും ഇന്ത്യ നല്ല ബന്ധമുണ്ടാക്കിയിട്ടുണ്ട്.

രാജ്യത്ത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നു നേരത്തെ യുഎസ് പാക്കിസ്ഥാനോടു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്തുമെന്നു പറഞ്ഞ യുഎസ്, സ്വന്തം മണ്ണിലുള്ള ഭീകരതയുടെ വേരുകള്‍ അറുത്തുകളയണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.