ചാരക്കേസ്‌: നമ്പി നാരായണനെ അറിയില്ലായിരുന്നു, എല്ലാം ഭീഷണിപ്പെടുത്തി പറയിച്ചതെന്ന് ഫൗസിയ ഹസന്‍

0
111

മാലെ: ഐഎസ്ആര്‍ഒ ചാരകേസിനെപ്പറ്റി ആദ്യ പ്രതികരണവുമായി കേസില്‍ ശിക്ഷിക്കപ്പെട്ട ഫൗസിയ ഹസന്‍. നമ്പി നാരായണനെ അറിയില്ലായിരുന്നുവെന്നും പേരുപോലും കേട്ടിട്ടില്ലായിരുന്നുവെന്നും പേര്, ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും കേരള പൊലീസും ചേര്‍ന്നു ഭീഷണിപ്പെടുത്തി പറയിക്കുകയായിരുന്നെന്നും ഫൗസിയ പറയുന്നു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫൗസിയയുടെ വെളിപ്പെടുത്തല്‍.

‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്നതാണ് ഫൗസിയയുടെ വെളിപ്പെടുത്തല്‍. നമ്പി നാരായണനെ ആദ്യമായി കണ്ടത് സിബിഐ കസ്റ്റഡിയിലായിരുന്നു. രമണ്‍ ശ്രീവാസ്തവയെ ഒരിക്കല്‍പോലും നേരിട്ടു കണ്ടിട്ടില്ല. പതിനാലു വയസ്സുകാരിയായ മകളെ മുന്നില്‍ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ചോദ്യംചെയ്യലില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്. ജയില്‍ മോചിതയായ ശേഷം, കേരള പൊലീസിനും ഐബിക്കും എതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നീട് ഇന്ത്യയില്‍ ബിസിനസ് ആവശ്യത്തിനെത്തിയ മകന്‍ നാസിഫ് താമസിച്ച ഹോട്ടലില്‍ ഐബി ഉദ്യോസ്ഥര്‍ എത്തി കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്നു കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് മാലെയിലെ ഇന്ത്യന്‍ എംബസിയില്‍ എഴുതി നല്‍കി – ഫൗസിയ പറഞ്ഞു.

പല ആവശ്യങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കേണ്ടി വരുന്ന ബന്ധുക്കളോടു പൊലീസ് മോശമായി പെരുമാറുമോ എന്നു ഭയത്താലാണ് കേസ് പിന്‍വലിച്ചതെന്നും ഫൗസിയ പറഞ്ഞു.

അതേസമയം, പഴയ കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മിഷനില്‍ കേസ് കൊടുക്കുമെന്നും കേസില്‍ ഫൗസിയയോടൊപ്പം ശിക്ഷ അനുഭവിച്ച മറിയം റഷീദ അറിയിച്ചു.