ഓഖി; ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരം

0
129

ആരതി.എം.ആര്‍

ക്രിസ്മസിന് ഇനി വെറും 4 നാളുകള്‍ കൂടി. നഗരവും വിപണിയും എല്ലാം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. എല്ലാ വീട്ടുമുറ്റത്തും പല വര്‍ണത്തിലും വലിപ്പത്തിലുമുള്ള സ്റ്റാറുകളും പുല്‍ക്കൂടുകളുമെല്ലാം ഒരുക്കി രാത്രിയില്‍ എത്തുന്ന കരോള്‍ ഗാനങ്ങള്‍ ആസ്വദിക്കുമ്പോള്‍ കുറച്ചകലെ പതിവിന് വിപരീതമായി തിരമാലകളുടെ അലയൊലികള്‍ മാത്രം കേള്‍ക്കുന്ന കടലോര ഗ്രാമങ്ങളുണ്ട്. ഓഖി കേരളതീരങ്ങളില്‍ ആഞ്ഞടിച്ചിട്ട് 29ാം തീയതി ഒരു മാസം തികയുന്നു. ഇനിയും തിരിച്ചെത്താവര്‍, ഡിഎന്‍എ ടെസ്റ്റുകളുടെ ഫലം അറിയാന്‍ കാത്തിരിക്കുന്നവര്‍, കടലിന്റെ ആഴങ്ങളില്‍ ജീവന്‍ പൊലിഞ്ഞവര്‍.

തിരുവനന്തപുരത്തെ നഗരപ്രദേശങ്ങളെ അപേക്ഷിച്ച് തീരദേശത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ വ്യത്യസ്തമാണ്. നഗരത്തിലെ ആഘോഷങ്ങള്‍ ഷോപ്പിങിലും കലാസന്ധ്യകളിലും ഒതുങ്ങിപ്പോകുമ്പോള്‍ തീരദേശവാസികള്‍ക്ക് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടിച്ചേരലുകളും സന്തോഷം പങ്കുവെക്കലുമാണ് ക്രിസ്മസ്. പഠിക്കാനായും ജോലിക്ക് വേണ്ടിയും ദൂരസ്ഥലങ്ങളില്‍ പോയവര്‍ തിരികെ എത്തി നാടിനോടൊപ്പം ചേര്‍ന്ന് ആഘോഷമാക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഇടവക പള്ളികളില്‍ യുവജനസംഘടനകള്‍ ആഡംബരത്തോടെ തയ്യാറാക്കിയ പുല്‍ക്കൂടുകളോ വീട്ടുമുറ്റങ്ങളില്‍ നക്ഷത്രത്തിളക്കങ്ങളോ കരോള്‍ ഗാനങ്ങളോ ഇല്ല. ഒന്നു സൂക്ഷിച്ച് കാതോര്‍ത്താല്‍ തിരമാലകളുടെ നേരിയ ശബ്ദത്തിനൊപ്പം ചില വീടുകളില്‍ നിന്ന് ഏങ്ങലുകള്‍ കേള്‍ക്കാനാകും.

‘ഇവിടെ അപകടത്തില്‍പ്പെട്ട് രക്ഷപ്പെട്ടെത്തിയവരും കടലില്‍ അന്ന് പോകാതിരുന്നവരും ഉണ്ട്. എന്നിരുന്നാലും കൂടെ പണിക്കു പോയിട്ട് തിരികെ എത്താത്ത സഹപ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുകയാണ് മറ്റുള്ളവരും. ഒരുപക്ഷേ കടലില്‍ പണിക്ക് പോകാത്ത മറ്റ് ജോലികള്‍ ചെയ്യുന്നവര്‍ ആഘോഷിക്കുമായിരിക്കും. എന്നാല്‍ ഞങ്ങളാരും കുട്ടികള്‍ക്ക് പുത്തനുടുപ്പ് പോലും വാങ്ങിയിട്ടില്ല’- തീരദേശവാസികള്‍ പറഞ്ഞു.

വിഴിഞ്ഞം, കൊച്ചുപള്ളി, അടിമലത്തുറ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും ഇനിയും ആളുകള്‍ തിരികെ എത്താനുണ്ട്. തുമ്പ, വേളി തുടങ്ങിയ സ്ഥലങ്ങളിലെ കാര്യവും വ്യത്യസ്തമല്ല. പ്രിയപ്പെട്ടവര്‍ ജീവനോടെയുണ്ടോ എന്നറിയാതെ നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് മുന്നില്‍ അവര്‍ക്ക് എങ്ങനെ ആഘോഷിക്കാനാകും. ഇത്തവണ എല്ലാ ക്രിസ്തുമത വിശ്വാസികളും ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന തുക സര്‍ക്കാരിന്റെ സഹായനിധിയിലേക്ക് നല്‍കണമെന്ന് ഇടവകകളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ കിട്ടുന്നുണ്ട്.

ഒരുപക്ഷേ ശംഖുമുഖം, കോവളം പോലുള്ള സഞ്ചാരികള്‍ ഏറെയെത്തുന്ന തീരങ്ങളില്‍ പുറത്ത് നിന്നെത്തുന്നവര്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ ഉണ്ടായേക്കാം. പക്ഷേ കടലോരഗ്രാമങ്ങള്‍ ഉറ്റവര്‍ തിരികെ എത്താനായുള്ള പ്രാര്‍ത്ഥനയിലായിരിക്കും.