2ജി സ്പെക്ട്രം വിധി ഓഹരിയിലും പ്രതിഫലിച്ചു. ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലേക്ക് ഉയരാത്തതിനാല്‍ രാവിലെ നഷ്ടത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണി ആരംഭിച്ചത്. എന്നാല്‍ വിധി വന്നതോട് കൂടി സണ്‍ ടിവി, ഡിബി റിയാലിറ്റി, യുണിടെക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തി. ഡിബി റിയാലിറ്റിയുടെ ഓഹരി വില 20 ശതമാനവും യുണിടെകിന്റെ വില 14 ശതമാനവും സണ്‍ ടിവിയുടേത് 5 ശതമാനവുമാണ് ഉയര്‍ന്നത്.
ടുജി സ്പെക്ട്രം അഴിമതി കേസിന്റെ പേരില്‍ ഈ ഓഹരികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. യുണിടെക്കിന്റെ ഓഹരി ഉടമകള്‍ക്ക് 97 ശതമാനം നഷ്ടമാണുണ്ടായത്. നിലവില്‍ സെന്‍സെക്സ് 33,800ലാണ് വ്യാപാരം.
ലാര്‍സന്‍, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്പ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം എംആന്‍ഡ്എം, എച്ച്യുഎല്, ഇന്‍ഫോസിസ് എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. 2 പൈസയുടെ നേട്ടത്തിലാണ് രൂപയുടെ വിനിമയം.