ആലപ്പുഴ: പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ നടന് ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യുഷന് വാദം തള്ളിക്കളഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഫഹദ് ഫാസിലിനെതിരെ ഇന്ന് വീണ്ടും കേസെടുത്തു. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഢംബര കാര്‍ വാങ്ങിയെന്നാണ് കേസ്.
സമാന കേസില്‍ അമല പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജനുവരി അഞ്ചിലേക്ക് മാറ്റി. പോണ്ടിച്ചേരിയിലെ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമലാപോളിനും നടന് ഹഫദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ഇരുവരും അഭിഭാഷകന് മുഖേന ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കുകള്‍ കാരണം ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് അമലാപോള്‍ ആവശ്യപ്പെട്ടത്.
അതേസമയം, കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. അമലപോളും, ഫഹദും, സുരേഷ്ഗോപിയും ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വാര്‍ത്തയായതിനെ തുടര്‍ന്ന് ഫഹദ് കേരളത്തില്‍ നികുതി അടച്ചിരുന്നു. 17.68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്‍ടി ഓഫീസില്‍ മാനേജര്‍ വഴി ഫഹദ് അടച്ചത്.