ന്യൂഡല്‍ഹി: ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരണപ്പെട്ടു. അപകടത്തില്‍ ബോയിലറിനു സമീപം ജോലി ചെയ്തിരുന്ന മൂന്നുപേരുടെ മൃതദേഹം ഛിന്നഭിന്നമായി. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം. പട്നയില്‍നിന്ന് 170 കിലോമീറ്റര്‍ അകലെ ഗോപാല്‍ഗഞ്ചിലെ സസ്മുസ പഞ്ചസാര ഫാക്ടറിയിലാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ ഗോപാല്‍ഗഞ്ചിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. മൂന്നുപേരെ വിദഗ്ധ ചികില്‍സയ്ക്കായി പട്നയിലെ ആശുപത്രിയിലേക്ക് അയച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് ഉടന്‍തന്നെ പൊലീസും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ബോയിലര്‍ അമിതമായി ചൂടായതാണു സ്ഫോടനത്തിനു കാരണമെന്നു വിലയിരുത്തുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.