കുവൈത്ത്: കുവൈത്തിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തനിമ ഏര്‍പ്പെടുത്തിയിരിക്കുന്ന സമഗ്ര മികവിനുള്ള ഡോ.എ.പി.ജെ അബ്ദുള്‍കലാം പേള്‍ ഓഫ് കുവൈറ്റ് പുരസ്കാരം കുവൈറ്റ് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മിഷാന്‍ സ്വന്തമാക്കി.
അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന കുവൈത്തിലെ പ്രഥമ ഇന്ത്യന്‍ സ്കൂള്‍ യുവജനോത്സവം ‘കലോത്സവത്തനിമ 2017’ന്റെ സമാപന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു.
കുവൈത്തിലെ 75,000 ഓളം ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നാണ് മുഹമ്മദ് മിഷാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. 21 ഇന്ത്യന്‍ സ്കൂളുകളില്‍ നിന്ന് ഓള്‍റൗണ്ട് മികവിന്റെ അടിസ്ഥാനത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പേള്‍ ഓഫ് ദി സ്കൂള്‍ ജേതാക്കള്‍ക്കിടയില്‍ നടത്തിയ വിവിധ മത്സരങ്ങളടക്കമുള്ള മികവ് നിര്‍ണയ പ്രക്രിയയിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.
ഓണ്‍ലൈന്‍ വോട്ടിംഗ്, പ്രസംഗം, ക്വിസ്, ടീം വര്‍ക്ക്, നേതൃശേഷി, സംഘടനാ പാടവം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിഭാ നിര്‍ണയമാണ് ഒരുക്കിയിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത ക്വിസ് മാസ്റ്റര്‍ മേജര്‍ ഡോ. ചന്ദ്രകാന്ത് നായര്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്കി.
കുവൈത്തിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഏറ്റവും പ്രശസ്തവും ഉന്നതവുമായ അവാര്‍ഡാണ് ഡോ.എ.പി.ജെ അബ്ദുള്‍കലാം പേള്‍ ഓഫ് കുവൈറ്റ്.