രാജ്യത്തെ ഞെട്ടിച്ച അഴിമതി പുറത്തുകൊണ്ടുവന്ന മലയാളി

0
43

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം പുറത്തുകൊണ്ടുവന്നത് ‘ദി പയനീര്‍’ എന്ന ഇംഗ്ലീഷ് ദിനപത്രത്തിലെ മലയാളി പത്രപ്രവര്‍ത്തകന്‍ ജെ.ഗോപീകൃഷ്ണനാണ്. 2 ജി കുംഭകോണം സംബന്ധിച്ച അദ്ദേഹത്തിന്റെ ആദ്യറിപ്പോര്‍ട്ട് 2008 ഡിസംബര്‍ 11-നാണ് വെളിച്ചം കണ്ടത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം തുടരെ തുടരെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടെലികോം അഴിമതിയുടെയും മൂന്നു വർഷക്കാലം ഉൾപ്പെട്ട രാഷ്ട്രീയ കോർപ്പറേറ്റ് കമ്പനികളുടെയും ലംഘനങ്ങളെപ്പറ്റിയുള്ള മറ്റ് അനുബന്ധ റിപ്പോർട്ടുകളും അദ്ദേഹത്തിന്റേതായി വന്നു. ടെലികോം കുംഭകോണം സംബന്ധിച്ച 200 വാർത്തകൾ ദി പയനീറിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ ഭരണപക്ഷമായ യു.പി.എ സര്‍ക്കാരിന്റെ ദയനീയ പരാജയത്തിന് വഴിയൊരുക്കിയ സംഭവങ്ങളിലൊന്ന് 2ജി സ്‌പെക്ട്രം അഴിമതിയായിരുന്നു.  2 ജി സ്പെക്ട്രം വിഷയത്തിൽ ഗോപീകൃഷ്ണന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ കോളിളക്കമുണ്ടാക്കി.

സ്വാന്‍ യൂണിടെക് എന്ന മൊബൈല്‍ ഫോണ്‍ കമ്പനി ഓഹരി പെട്ടന്ന് വില്ക്കുന്നതിന്റെ കാരണം കണ്ടെത്തുന്നതിന് നിയോഗിക്കപ്പെട്ടതായിരുന്നു ഗോപീകൃഷ്ണന്‍. ആ അന്വേഷണത്തിനിടയില്‍ ടെലികോം മന്ത്രാലയത്തിലെ ഒരു ഉദ്യോഗഗസ്ഥന്‍ അഴിമതി കഥകളുമായി അദ്ദേഹത്തെ തേടിയെത്തി. 2ജി സ്‌പെക്ട്രം, വിതരണം ചെയ്തത് വഴി മന്ത്രിയും കൂട്ടാളികളും ചേര്‍ന്ന് നേടിയ തുകയും നിക്ഷേപിച്ച ഇടവും ഗോപീകൃഷ്ണന്‍ തന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പ് എഡിറ്ററുടെ നിര്‍ദേശപ്രകരം ഗോപീകൃഷ്ണന്‍ മന്ത്രി രാജയെ കണ്ടിരുന്നു. എന്നാല്‍ അഴിമതിയെപ്പറ്റി എഴുതരുതെന്നായിരുന്നു രാജ ഗോപീകൃഷ്ണനോട് ആവശ്യപ്പെട്ടത്.