എം.മനോജ് കുമാര്‍
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളി മേഖലയില്‍ സമഗ്ര പരിഷ്ക്കരണത്തിനു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മത്സ്യഫെഡ് എംഡി ഡോക്ടര്‍ ലോറന്‍സ് ഹെറോള്‍ഡ് 24 കേരളയോട് പറഞ്ഞു.
മത്സ്യത്തൊഴിലാളി മേഖലയിലെ സമഗ്ര പാക്കേജ് സര്‍ക്കാര്‍ അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നും ഡോ.ലോറന്‍സ് പറഞ്ഞു. ഓഖിയില്‍ വന്ന വീഴ്ചകളും മത്സ്യത്തൊഴിലാളി മേഖലകളില്‍ ഏര്‍പ്പെടുത്തേണ്ട പരിഷ്ക്കരണങ്ങളും സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്.
ഈ മേഖലയെ സംബന്ധിച്ച് നയരൂപീകരണം ഉടന്‍ തന്നെ വരും. ഓഖി ദുരന്തത്തില്‍ അകപ്പെടുമ്പോള്‍ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ പര്യാപ്തമായിരുന്ന സെർച്ച് ആൻഡ് റെസ്ക്യൂ ബീക്കൺ ലൈറ്റുകള്‍ മത്സ്യത്തൊഴികള്‍ക്ക് വീണ്ടും വിതരണം ചെയ്യുമോ എന്ന 24 കേരളയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡോ.ലോറന്‍സ് ഹെറോള്‍ഡ്.
ഇപ്പോള്‍ സെർച്ച് ആൻഡ് റെസ്ക്യൂ ബീക്കൺ ലൈറ്റുകള്‍ ഉള്‍പ്പെടെ എന്തൊക്കെ സൗകര്യങ്ങള്‍ ഈ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കണം, അപകടസമയത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ എങ്ങിനെയായിരിക്കണം തുടങ്ങിയ കാര്യങ്ങളില്‍
സര്‍ക്കാര്‍ പുനര്‍ വിചിന്തനം നടത്തുകയാണ് – ഡോ.ലോറന്‍സ് ഹെറോള്‍ഡ് പറഞ്ഞു.
ഓഖിയില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുള്ള സഹായധനം സര്‍ക്കാര്‍ വിതരണം ചെയ്യുകയാണ്. മത്സ്യഫെഡും സഹായധനം നല്‍കുന്നുണ്ട്. മത്സ്യഫെഡ് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഷൂറന്‍സ് തുക നല്‍കിയിട്ടില്ല. അതിനു കുറച്ച് നടപടികള്‍ പാലിക്കേണ്ടതുണ്ട്. ഇന്‍ഷൂറന്‍സ് തുക ലഭിക്കും. പക്ഷെ അതിനു സമയം എടുക്കും. മത്സ്യഫെഡ് ഇന്‍ഷൂറന്‍സ് പരിധിയില്‍പ്പെടാത്ത മത്സ്യത്തൊഴിലാളികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജില്‍ വരും – ലോറന്‍സ് പറഞ്ഞു.
ഓഖി ദുരന്തത്തില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ ആരുടെയും ബോട്ടില്‍ സെർച്ച് ആൻഡ് റെസ്ക്യൂ ബീക്കൺ ലൈറ്റുകള്‍ ഉണ്ടായിരുന്നില്ല. കടലിൽ മത്സ്യത്തൊഴിലാളികൾ പോവുമ്പോൾ കൂടെകൊണ്ടുപോകുന്ന ഉപകരണമാണിത്. അപകടം നടക്കുമ്പോള്‍ ഇവയില്‍ നിന്ന് പുറപ്പെടുന്ന സന്ദേശം ഉപഗ്രഹം വഴി സുരക്ഷാ കേന്ദ്രങ്ങളിലെത്തും.
രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അപകടം നടന്ന സ്ഥലം കണ്ടുപിടിക്കാനും എളുപ്പത്തിൽ രക്ഷാപ്രവർത്തനം നടത്താനും കഴിയും. ഈ സെർച്ച് ആൻഡ് റെസ്ക്യൂ ബീക്കൺ ലൈറ്റുകള്‍ വിതരണം ചെയ്തിരുന്നത് മത്സ്യഫെഡ് വഴിയായിരുന്നു. ഇതിന്റെ വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു.
ഒരു പക്ഷെ ഈ സെർച്ച് ആൻഡ് റെസ്ക്യൂ ബീക്കൺ ലൈറ്റുകള്‍ കൈവശമുണ്ടായിരുന്നെങ്കില്‍ ഓഖി മൂലമുണ്ടായ ദുരന്തത്തിന്റെ തോത് കുറയ്ക്കാന്‍ കഴിഞ്ഞേനെ.