2ജി സ്‌പെക്ട്രം കേസ്: മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

0
35

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രത്യേക സിബിഐ കോടതി വിധി പ്രഖ്യാപിച്ചു. കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. ഡിഎംകെ നേതാക്കളായ എ.രാജയും, കനിമൊഴിയും ടെലികോം കമ്പനികളും ഉള്‍പ്പെട്ട കേസിലാണ് വിധി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സെയ്നിയാണ് വിധി പറഞ്ഞത്.

സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് 2007-08 കാലയളവില്‍ 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010-ല്‍ സിഎജി കണ്ടെത്തിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്‌പെക്ട്രം വിതരണം ചെയ്തതെന്നും സിഎജി കണ്ടെത്തിയിരുന്നു. 122 സ്വകാര്യ ടെലകോം കമ്പനികള്‍ക്ക് 2ജി ലൈസന്‍സ് സ്പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്ന് സിബിഐയും കണ്ടെത്തിയിരുന്നു. ഈ ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

യുഎസിലെ വാട്ടര്‍ഗേറ്റിനുശേഷം ലോകത്തെ രണ്ടാമത്തെ കൊടിയ അഴിമതിയെന്നാണ് ടൈം മാഗസിന്‍ 2 ജി സ്‌പെക്ട്രത്തെ വിശേഷിപ്പിച്ചത്. 2011 നവംബര്‍ 11-ന് ആരംഭിച്ച വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19-നാണ് അവസാനിച്ചത്. രേഖകളുടെയും തെളിവുകളുടെയും വ്യക്തതയ്ക്കായി പലവട്ടം കേസ് പരിഗണിച്ച ശേഷമാണ് ഇന്നു വിധി പറയാന്‍ തീരുമാനിച്ചത്.