ആദര്‍ശ് കുംഭക്കോണം കേസ്: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം സ്‌റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി

0
41

മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണ കേസില്‍ പുതിയ ഇടപ്പെടലുമായി ബോംബെ ഹൈക്കോടതി. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. ജഡ്ജിമാരായ രഞ്ജിത് മോര്‍, സാധന, ജാധവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചവാന്റെ ഹര്‍ജി പരിഗണിച്ചത്. ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവാണ് പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കിയത്.

പുതിയ തെളിവുകളുണ്ടെന്നു കോടതിയില്‍ സിബിഐ വാദിച്ചെങ്കിലും അവ ഹാജരാക്കാന്‍ കഴിഞ്ഞില്ല. സിബിഐ ഹാജരാക്കിയ തെളിവുകള്‍ ‘പുതിയ തെളിവുകള്‍’ ആണെന്നു കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേത്തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി റദ്ദാക്കിയത്.

2016 ഫെബ്രുവരിയിലാണു കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമം എന്നിവ പ്രകാരം ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഗവര്‍ണറുടെ ഉത്തരവ് സ്വേച്ഛാപരവും നിയമവിരുദ്ധവും നീതിരഹിതവുമാണെന്ന് ചവാന്‍ കോടതിയില്‍ പറഞ്ഞു. നിലവില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനാണ് ചവാന്‍.

2008 ഡിസംബര്‍-2010 നവംബര്‍ കാലയളവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ചവാന്‍ ആദര്‍ശ് ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണു മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ വിധവകള്‍ക്കു വേണ്ടി നിര്‍മിച്ച ആദര്‍ശ് പാര്‍പ്പിട സമുച്ചയത്തിലെ രണ്ടു ഫ്‌ളാറ്റുകള്‍ തന്റെ ബന്ധുക്കള്‍ക്കു ലഭിക്കാനായി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ പങ്കാളിയായെന്നാണു ചവാന് എതിരായ ആരോപണം.

പഴയ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ചവാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേരത്തെ നിഷേധിച്ചിരുന്നു. തുടര്‍ന്നു ചവാന്റെ പേര് കേസില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടു സിബിഐ പ്രത്യേക കോടതിയെ സമീപിച്ചതാണ്. എന്നാല്‍ പ്രത്യേക കോടതിയും പിന്നീടു ഹൈക്കോടതിയും ഈ ആവശ്യം തള്ളി. പിന്നീട് കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തില്‍ വന്നതോടെയാണ്‌ സിബിഐ പുതിയ ഗവര്‍ണറെ സമീപിക്കുന്നതും അനുമതി വാങ്ങുന്നതും.