ഓഖി മുന്നറിയിപ്പ് കേരളത്തിന് നല്‍കിയത് നവംബര്‍ 30നെന്ന് രാജ്‌നാഥ് സിങ്

0
47

ഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നല്‍കിയത് നവംബര്‍ 30-നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ലോക്‌സഭയില്‍ ഓഖി സംബന്ധിച്ച് നടന്ന ചര്‍ച്ചക്ക് മറുപടിയായിട്ടാണ് രാജ്‌നാഥ് സിങ് ഇക്കാര്യം സമ്മതിച്ചത്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നവംബര്‍ 28-ന് നല്‍കിയത്. 29-ന് ന്യൂനമര്‍ദ്ദം സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. 30-ന് പുലര്‍ച്ചെയാണ് ചുഴലിക്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ആദ്യമായാണ് കേരളത്തില്‍ ഇത്തരമൊരു ചുഴലിക്കാറ്റ് എത്തിയത്. ഇത് പ്രത്യേക തരത്തിലുള്ള ചുഴലിക്കാറ്റായിരുന്നെന്നും അതുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാന്‍ കാലതാമസം നേരിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കുന്നതിന് ബുദ്ധിമുട്ടുകളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഖിയെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് 215 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് രാജ്‌നാഥ് സിങ് സഭയെ അറിയിച്ചു. 700 നോട്ടിക്കല്‍ മൈല്‍ വരെ പോയി പ്രതിരോധ സേന തിരച്ചില്‍ നടത്തുന്നുണ്ടെനന്നും 18 കപ്പലുകള്‍ ഇപ്പോഴും ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം, ഓഖി ദുരന്തസമയത്ത് കേന്ദ്രം പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.