കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

0
51

ന്യൂഡല്‍ഹി: മലയാളത്തിലെ മികച്ച കൃതിക്കുള്ള ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.പി. രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ എന്ന നോവലിലിന് ലഭിച്ചു. ഒരുലക്ഷം രൂപയും വെങ്കലഫലകവും പൊന്നാടയുമടങ്ങുന്നതാണ് ഈ പുരസ്‌കാരം.

ഡോ. അജയപുരം ജ്യോതിഷ്‌കുമാര്‍, ഡോ. എന്‍. അനില്‍കുമാര്‍, ഡോ. പ്രഭാവര്‍മ എന്നിവരാണ് മലയാളത്തിന്റെ അക്കാദമി പുരസ്‌കാരജൂറി.

പ്രസിഡന്റ് പ്രൊഫ. വി.പി. തിവാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമി യോഗത്തിലാണ് പുരസ്‌കാരങ്ങള്‍ അംഗീകരിച്ചത്. ഫെബ്രുവരി 12-ന് ഡല്‍ഹിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു അറിയിച്ചു.

മികച്ച വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം കെ.എസ്. വെങ്കിടാചലത്തിന് ലഭിച്ചു. തമിഴില്‍ ജയകാന്തന്‍ രചിച്ച ചെറുകഥാസമാഹാരത്തിന്റെ മലയാളപരിഭാഷയായ ‘അഗ്രഹാരത്തിലെ പൂച്ച’യാണ് വെങ്കിടാചലത്തിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

അരലക്ഷം രൂപയും വെങ്കലഫലകവും ഉള്‍പ്പെട്ടതാണ് വിവര്‍ത്തനപുരസ്‌കാരം. ഡോ. കെ.ജി. പൗലോസ്, ഡോ. എം.ഡി. രാധിക, പി.പി. ശ്രീധരനുണ്ണി എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍.