ഹരിദ്വാര്‍: ഗംഗാ നദിയെയും പോഷക നദികളെയും മലിനമാക്കുന്ന ആശ്രമങ്ങള്‍, ഹോട്ടലുകള്‍, വ്യവസായശാലകള്‍ എന്നിവ കണ്ടെത്തി അടച്ചു പൂട്ടണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാരിനും 13 ജില്ലാ കളക്ടര്‍മാര്‍ക്കുമാണ് ഇതുസംബന്ധിച്ച നിര്‍ദേശം കോടതി നല്‍കിയിരിക്കുന്നത്.
മാലിന്യസംസ്കരണത്തിന് വിധേയമാക്കാത്ത മലിനജലം ഗംഗയിലേക്ക് ഒഴുക്കിയാല്‍ മുഖം നോക്കാത്ത നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തതും മാലിന്യങ്ങള്‍ ഗംഗയിലേക്ക് ഒഴുക്കുന്നതുമായ മുഴുവന്‍ സ്ഥാപനങ്ങളും മൂന്നാഴ്ച്ചയ്ക്കുള്ളില് കണ്ടെത്താനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് അലോക് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കൂടാതെ, സംസ്ഥാനത്തിന്റെ പ്രകൃതിവൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയോദ്യാനങ്ങള്‍, കടുവ-ആന സംരക്ഷണകേന്ദ്രങ്ങള്‍, ജിം കോര്‍ബറ്റ്, രാജാജി നാഷണല്‍ പാര്‍ക്കുകള്‍ എന്നി പ്ലാസ്റ്റിക് വിമുക്ത മേഖലകളായി പ്രഖ്യാപിക്കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ ഹൈക്കോടതിയുടെ മറ്റൊരു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഗംഗയിലേക്ക് മാലിന്യം ഒഴുക്കിയ 150-ഓളം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.