പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍: ആലപ്പുഴയില്‍ 25 ഉടമകള്‍ക്കെതിരെ കേസ്

0
44

ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ 25 വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. പുതുച്ചേരിയില്‍ സ്ഥിര താമസക്കാരാണെന്നുള്ള വ്യാജരേഖ ചമച്ചാണ് ആഡംബര വാഹനങ്ങള്‍ ഇവര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ക്രൈംബ്രാഞ്ചിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ ആറ് സബ് ആര്‍.ടി ഓഫീസുകളുടെ പരിധിയില്‍ താമസിക്കുന്നവരാണ് പുതുച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ചേര്‍ത്തല, മാവേലിക്കര, കായംകുളം, കുട്ടനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലുള്ളവരാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടെ നികുതിയിനത്തില്‍ സംസ്ഥാനത്തിന് രണ്ടര കോടിയോളം രൂപയാണ് നഷ്ടമായത്. എന്നാല്‍ സംസ്ഥാനത്തെ നികുതി അടയ്ക്കാന്‍ ഉടമകള്‍ തയ്യാറായാലും വ്യാജരേഖ ചമച്ചത് സംബന്ധിച്ച കേസ് നിലനില്‍ക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

നേരത്തെ, പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപി എം.പി, നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു.