ബെറ്റര്‍ ഇന്ത്യ തയ്യാറാക്കിയ മികച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ കളക്ടര്‍ ബ്രോ ഒന്നാമത്

0
54

ന്യൂഡല്‍ഹി: ‘ദി ബെറ്റര്‍ ഇന്ത്യ’ എന്ന സ്വതന്ത്ര വെബ്‌സൈറ്റ് തയ്യാറാക്കിയ ഇന്ത്യയിലെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍ കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ ഒന്നാമത്. കോഴിക്കോട് കളക്ടറായിരിക്കെ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പേരിലാണ് മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോയെ ബെറ്റര്‍ ഇന്ത്യ ഒന്നാമതായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശാന്ത് നടപ്പാക്കിയ കംപാഷനേറ്റ് കോഴിക്കോട്, ഓപ്പറേഷന്‍ സുലൈമാനി, തേരേ മേരെ ബീച്ച് മേം, യോ അപ്പൂപ്പാ തുടങ്ങിയ പദ്ധതികളെക്കുറിച്ച് കുറിപ്പില്‍ പരാമര്‍ശമുണ്ട്.

പ്രശാന്ത് നായര്‍ക്കൊപ്പം കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അഞ്ച് മാസം കൊണ്ട് കണ്ണൂരിനെ പ്ലാസ്റ്റിക് ഫ്രീ ജില്ലയായി പ്രഖ്യാപിക്കാനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചതാണ് മീര്‍ മുഹമ്മദിന്റെ പേരിലുള്ള നേട്ടം. ഒപ്പം ഹാന്‍ഡ് ലൂം ഉത്പന്നങ്ങള്‍ക്ക് പ്രചാരണം നല്‍കിയതും കൈത്തറിക്ക് ഉണര്‍വ് നല്‍കിയതും മീറിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.

ഇരുവര്‍ക്കുമൊപ്പം ഒഡീഷയിലെ ന്യുവാപഡ ജില്ലാ കളക്ടര്‍ പോമോ ടുഡു, രാജസ്ഥാനില്‍ നിന്നുള്ള സുരേന്ദ്രസിംഗ് സോളങ്കി, മധ്യപ്രദേശില്‍ നിന്നുള്ള പരികപന്‍ഡ്ല നരഹരി, തെലങ്കാനയില്‍ നിന്നുള്ള ഭാരതി ഹൊള്ളിക്കേരി, ആന്ധ്രാപ്രദേശില്‍ നിന്നുള്ള പി.എസ്. പ്രദ്യുംനാ, ഛത്തീസ് ഗഡില്‍ നിന്നുള്ള സൗരഭ് കുമാര്‍, തെലങ്കാനയില്‍ നിന്നുള്ള റൊണാള്‍ഡ് റോസ്, തമിഴ്നാട്ടില്‍ നിന്നുള്ള രോഹിണി ആര്‍. ഭജിബാക്ക്രെ എന്നിവരും പട്ടികയിലുണ്ട്.