ലക്നൗ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തില് തടവുകാരെ മോചിപ്പിക്കാനുള്ള തീരുമാനവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വാജ്പേയിയുടെ 93-ാം ജന്മദിനത്തിന്റെ ഭാഗമായി 93 തടവുകാരെയാണ് മോചിപ്പിക്കുക. ഡിസംബര്‍ 25നാണ് അദ്ദേഹത്തിന്റെ ജന്മദിനം.
ശിക്ഷാ കാലവധി കഴിഞ്ഞിട്ടും പിഴയടയ്ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്നവരെയാണ് മോചനത്തിനായി പരിഗണിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജയിലുകളിലെ 135 പേരെയാണ് മോചനത്തിനനായി പരിഗണിക്കുന്നത്. ഇതില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 93 പേരെയാണ് മോചിപ്പിക്കുക.
മോചിതരാകുന്നവരുടെ പിഴ കുടിശ്ശിക ട്രസ്റ്റുകളും എന്‍.ജി.ഒ കളും മറ്റുമായി സഹകരിച്ച് അടച്ചുതീര്‍ക്കാന്‍ ജയില്‍ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.