ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആവേശപ്പോരാട്ടത്തില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ് സി യെ നേരിടും. രാത്രി 8നാണു മത്സരം. മൂന്നു തുടര്‍ച്ചയായ സമനിലക്കും തോല്‍വിക്കും ശേഷം സ്വന്തം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്. കരുത്തിലും പോരാട്ടത്തിലും ഒട്ടും പിറകിലല്ല ചെന്നൈ.
കാത്തു കാത്തിരുന്നു സീസണിൽ ആദ്യ വിജയം നേടിയെടുത്തെങ്കിലും ആശങ്കകൾക്കും അതിലുപരി സമ്മർദങ്ങൾക്കും അടിപ്പെട്ടാണു കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്റെ മടയിൽ അവരെ നേരിടാൻ ഇന്നിറങ്ങുന്നത്. തുടർച്ചയായ മൂന്നു സമനിലകൾക്കും ഗോവയിൽ നിന്നേറ്റ കനത്ത പ്രഹരത്തിനും ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം മാത്രമാണു മഞ്ഞപ്പടയ്ക്കു കൈമുതലായിട്ടുള്ളത്. ജയിച്ചെങ്കിലും കടലാസിലെ കരുത്തിനൊപ്പമുള്ള പ്രകടനം പുറത്തെടുക്കാനാവാത്തതാണ് റെനി മ്യൂലൻസ്റ്റിന്റെ സംഘത്തെ ഏറെ ബുദ്ധിമുട്ടിക്കുന്നത്.