ന്യൂഡൽഹി: ക്രൈസ്തവർ ആശങ്കയുടെ നിഴലിൽ ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുന്നു. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കാരൾ അടക്കമുള്ള ആഘോഷങ്ങൾ നടത്താനാകുമോ എന്ന ആശങ്ക വളരുകയാണ്.
മധ്യപ്രദേശിലെ സത്നയിൽ കരോള്‍ സംഘത്തെ വർഗീയ വാദികൾ ആക്രമിച്ചതും വൈദികർക്കെതിരേ പോലീസ് കേസ് എടുത്തതും യുപിയിലെ അലിഗഡിൽ സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം പാടില്ലെന്നു ഭീഷണിപ്പെടുത്തിയതും രാജസ്ഥാനിലെ പ്രതാപ്ഗഡിൽ ക്രിസ്മസ് ചടങ്ങിനു നേരേ ആക്രമണമുണ്ടായതും ക്രൈസ്തവരെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്.
സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനെതിരേ ഭീഷണി മുഴക്കിയ അലിഗഡിലെ ഹിന്ദു ജാഗരണ്‍ മഞ്ചിനെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ സന്ദർശിച്ച് ഈ വിഷയത്തിൽ നടപടി അഭ്യർഥിച്ചിരുന്നു.