കലിഗുള;ക്രൂരതയുടെയും വിവരക്കേടിന്റെയും പര്യായമായ റോമന്‍ ചക്രവര്‍ത്തി

0
179

ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് സ്വാംശീകരിച്ചിരുന്ന രാജ്യമാണ് റോം. ജനാധിപത്യ റോം ബിസിഇ 550 മുതല്‍ ബിസിഇ 30 വരെയാണ് നിലനിന്നിരുന്നത് എന്ന് പറയാം. ജൂലിയസ് സീസറുടെ പിന്‍ഗാമിയായ അഗസ്റ്റസ് സീസര്‍ അധികാരങ്ങള്‍ ഒന്നൊന്നായി കൈപ്പിടിയില്‍ ഒതുക്കിയതോടെ ജനാധിപത്യ റോം റോമാ സാമ്രാജ്യമായി. അഗസ്റ്റസ് സീസര്‍ ചക്രവര്‍ത്തിയുമായി. ചക്രവര്‍ത്തിയായെങ്കിലും അഗസ്റ്റസ് പൊതുവെ ജനാധിപത്യത്തെ മാനിച്ചിരുന്നു. പുരാതന ലോകത്തെ അതികായനായ ഒരു ഭരണാധികാരിയായിരുന്നു അഗസ്റ്റസ്. അഗസ്റ്റസിന് ആണ്‍മക്കള്‍ ഇല്ലായിരുന്നതിനാല്‍ തന്റെ ഒരു ബന്ധുവായ റ്റിബേറിയസ്‌നെയാണ് അഗസ്റ്റസ് അനന്തിരാവകാശിയായി കണ്ടിരുന്നത്. അഗസ്റ്റസിനോളം കഴിവുകള്‍ ഇല്ലായിരുന്നെങ്കിലും റ്റിബേറിയസ് റോമിന്റെ അന്തസ്സ് നശിപ്പിച്ചില്ല. പക്ഷെ റ്റിബേറിയസിന്റെ പിന്‍ഗാമി കലിഗുള റോമിന്റെയും റോമന്‍ സംസ്‌കാരത്തിന്റെയും അന്തസ്സ് നശിപ്പിച്ചതിന് ശേഷമാണ് തന്റെ തന്നെ അംഗരക്ഷകരാല്‍ വധിക്കപ്പെട്ടത്.

റോമന്‍ ചക്രവര്‍ത്തി റ്റിബേറിയസിന്റെ മരുമകന്‍ ആയിരുന്നു കലിഗുള. കലിഗുള എന്നത് വിളിപ്പേരാണ് യഥാര്‍ത്ഥ പേര് ഗയസ് സീസര്‍. റ്റിബേറിയസിനു നേരിട്ടുള്ള അനന്തരാവകാശികള്‍ ഇല്ലാതിരുന്നതിനാല്‍ റ്റിബേറിയസ് തന്നെയാണ് ചക്രവര്‍ത്തിയുടെ അധികാരം ഉപയോഗിച്ച് കലിഗുളയെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. അപസ്മാരവും, പഠന വൈകല്യവും ഉള്ള കലിഗുള ഒരു സാധുവായിരിക്കും എന്നും ശക്തമായ ഉദ്യോഗസ്ഥവൃന്ദവും സൈന്യവും ഉള്ള റോമന്‍ സാമ്രാജ്യത്തിന്റെ തലവനായി വര്‍ത്തിച്ചു സദ്ഭരണം കാഴ്ചവയ്ക്കും എന്നുമായിരുന്നു റ്റിബേറിയസിന്റെയും റോമിലെ പ്രമാണിമാരുടെയും കണക്കുകൂട്ടല്‍. വെളുത്തവാവുകളുടെ ദിവസം പൂര്‍ണചന്ദ്രനെ നോക്കി സംസാരിക്കുകയും പാട്ടു പാടുകയും ചെയ്തിരുന്ന കലിഗുള ഒരു കവിഹൃദയം ഉള്ള ആളാണെന്നും വലിയ മനുഷ്യ സ്‌നേഹിയാണെന്നും വരെ രാജഭക്തര്‍ പ്രചരിപ്പിച്ചു.

ബിസിഇ 37ല്‍ വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ റ്റിബേറിയസ് ചക്രവര്‍ത്തി അന്തരിച്ചു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന അഗസ്റ്റസിന്റെയും റ്റിബേറിയസിന്റെയും ഭരണം സമ്മാനിച്ച സമൃദ്ധി നിലനില്‍ക്കുമെന്നും വര്‍ധിക്കുമെന്നും റോമന്‍ ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെ കരുതി. വലിയ ആഘോഷങ്ങളോടെയാണ് കലിഗുളയെ റോമന്‍ ജനത സിംഹാസനത്തില്‍ ഇരുത്തിയത്. ലോലഹൃദയനും, കവിഹൃദയനുമാണെന്ന് ജനം കരുതിയ കലിഗുള സിംഹാസനത്തിലേറിയതു മുതല്‍ പുതിയൊരു കലിഗുളയായി. ആദ്യം കലിഗുള താന്‍ വലിയ ഒരു ജനാധിപത്യവാദിയാണെന്നു കാണിക്കാന്‍ ചില ഉത്തരവുകള്‍ ഒക്കെ ഇറക്കി. രാജ്യദ്രോഹം കുറ്റം അല്ലെന്നു പ്രഖ്യാപിച്ചു. റോമന്‍ മിതവാദികളും ജനാധിപത്യ വാദികളും കലിഗുളയെ വാനോളം പുകഴ്ത്തി. പക്ഷെ മാസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. കലിഗുള ക്രൂരതയുടെ പര്യായമായി. തന്റെ മുന്‍ഗാമിയും അമ്മാവനായ റ്റിബേരിയസിന്റെ അടുത്ത ബന്ധുക്കളെയും വകവരുത്തിയാണ് കലിഗുള തന്റെ ക്രൂരതകള്‍ക്ക് തുടക്കം കുറിച്ചത്.

പിന്നീടുള്ള മൂന്ന് വര്‍ഷങ്ങള്‍ കലിഗുള കൊലപാതകങ്ങളുടെയും വര്‍ണനാതീതമായയ ക്രൂരതയുടെയും ഒരു പരമ്പര തന്നെ അഴിച്ചു വിട്ടു. സ്വയം ദേവാധിദേവനായ സീയൂസ് തന്നെയാണ് താനെന്ന് കലിഗുള പ്രഖ്യാപിച്ചു. മിക്കയിടങ്ങളിലെയും സീയൂസ് ദേവന്റെ വിഗ്രഹങ്ങളുടെ തല മാറ്റി തന്റെ തന്നെ തലയുടെ പ്രതിരൂപം വച്ചു പിടിപ്പിച്ചു. പുരാതന ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നായ ഗ്രീസിലെ സീയൂസ് ദേവന്റെ പ്രതിമയില്‍ തന്റെ തന്നെ ശിരസ്സിന്റെ രൂപം പിടിപ്പിക്കാനുള്ള ശ്രമത്തില്‍ ആ അത്ഭുതം തകര്‍ത്തു.

കലിഗുളയുടെ നയങ്ങള്‍ സാമ്രാജ്യത്തില്‍ അരാജകത്വവും ക്ഷാമവും വരുത്തിവച്ചു. അവസാനം ചക്രവര്‍ത്തിയുടെ അംഗരക്ഷക സൈന്യമായ പ്രീയേറ്റോറിയാന്‍ ഗാര്‍ഡ് തന്നെ നിയമം കൈയിലെടുക്കാന്‍ തീരുമാനിച്ചു. പ്രീയേറ്റോറിയാന്‍ ഗാര്‍ഡ് തലവനായ കാഷ്യസ് ചെറിയയുടെ നേതൃത്വത്തിലുള്ള ഒരു സംഘം കലിഗുളയെ വധിച്ചു. റോമാ സാമ്രാജ്യത്തെ മൂന്ന് കൊല്ലം നീണ്ടു നിന്ന നരകയാതനകളില്‍ നിന്നും മോചിപ്പിച്ചു.

പിന്നീടുള്ള ചരിത്രകാരന്മാര്‍ പലരും കലിഗുള തികഞ്ഞ ഒരു ഭ്രാന്തനാണെന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. അധികാരവും പദവിയും തികച്ചും ദുര്‍ബലനും കഴിവുകെട്ടവനുമായ ഒരു മനുഷ്യനില്‍ ഉണ്ടാക്കിയ മാറ്റമാണ് ആ ഭ്രാന്ത് എന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ചില ആധുനിക വിദഗ്ധര്‍ പറയുന്നത് കലിഗുള ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗബാധയുള്ള ആളായിരുന്നു എന്നാണ്. കാരണങ്ങള്‍ എന്തുതന്നെയായാലും കലിഗുള പിന്നീട് ക്രൂരതയുടെ ഒരു പര്യായമായി അറിയപ്പെട്ടു.