എം.മനോജ് കുമാര്‍
തിരുവനന്തപുരം: ഐഎഎസ്ആര്‍ഒ ചാരക്കേസില്‍ കരുണാകരനെ രാജിവെയ്പിച്ചതില് കുറ്റബോധമുണ്ടെന്ന കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്റെ പ്രസ്താവനയില്‍ ചൊടിച്ച് എ ഗ്രൂപ്പ്. താനും ഉമ്മന്‍ചാണ്ടിയും കൂടിയാണ് കരുണാകരനെ രാജിവെപ്പിച്ചത് എന്ന ഹസ്സന്റെ കുറ്റസമ്മതം പിന്നില്‍ നിന്നുള്ള കുത്തായാണ് എ ഗ്രൂപ്പ് വൃത്തങ്ങള്‍ കാണുന്നത്.
അനവസരത്തില്‍ വിവാദ പ്രസ്താവന നടത്തി ഹസ്സന് വടി കൊടുത്ത് അടി വാങ്ങി എന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ് വൃത്തങ്ങള്‍. ഐഎസ്ആര്‍ഒ ചാരക്കേസ് ആയുധമാക്കി കരുണാകരനെ രാജിവെയ്പിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞ ഹസ്സന് ഈ പ്രസ്താവന വഴി ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കി എന്നാണ്
എ ഗ്രൂപ്പിലെ പൊതുവേയുള്ള വികാരം.
കരുണാകരന്റെ ചരമ ദിനത്തില്‍ തന്നെയുള്ള കുറ്റസമ്മതം വഴി ഹസ്സന്
കുറ്റവിമുക്തനാകാന്‍ വഴി തേടുകയും ഒപ്പമുള്ള ഉമ്മന്‍ചാണ്ടിയെ കുഴപ്പത്തില്‍ കൊണ്ട് ചാടിക്കുകയും ചെയ്തു എന്ന് എ ഗ്രൂപ്പ് വൃത്തങ്ങള്‍ വിലയിരുത്തുന്നു. ഹസ്സന് മാപ്പ് പറഞ്ഞു. കുറ്റം ചെയ്തു എന്ന് ബോധ്യമായത് കൊണ്ടാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കെ തന്നെ ഹസന് ഖേദ പ്രകടനം നടത്തിയത്. ഉമ്മന്‍ചാണ്ടിക്ക് ഒപ്പം നിന്ന് അന്ന് ചെയ്തത് തെറ്റായിപ്പോയി എന്ന് ഹസ്സന് പറയുന്നു.
തെറ്റായിപ്പോയി എന്ന് ഹസ്സന് തോന്നിയ കാര്യം ഉമ്മന്‍ ചാണ്ടിക്ക് മാത്രം ശരിയാകാന്‍ വഴിയില്ല. അങ്ങിനെയെങ്കില്‍ ഉമ്മന്‍ചാണ്ടി കൂടി മാപ്പ് പറയേണ്ട അവസ്ഥ വരും. അല്ലെങ്കില്‍ കേരളീയ സമൂഹത്തിനു മുന്നില്‍ ഉമ്മന്‍ചാണ്ടി മാത്രം കുറ്റക്കാരനാകും. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ നിന്ന് ഉണര്ന്നെഴുന്നേല്ക്കാന് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതിന്നിടെയാണ് പിന്നില്‍ നിന്ന് ഹസന്റെ കുത്ത് വരുന്നത്.
അതും എല്ലാ കാലവും കേരളത്തിനു മുന്നില്‍ വിവാദ വിഷയമായി നിന്ന ഐഎസ്ആര്‍ഒ ചാരക്കേസും. ഈ സമയത്ത് ഹസ്സനില്‍ നിന്നും ഈ പ്രസ്താവന വേണ്ടായിരുന്നു എന്ന സമീപനത്തിലാണ് എ ഗ്രൂപ്പ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍, ആരോപണമായി കത്താന്‍ തുടങ്ങിയപ്പോള്‍ അതുവഴി ഉമ്മന്‍ചാണ്ടിയെ പൂട്ടാന്‍ എ ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള അന്നത്തെ ആഭ്യന്തരന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നടത്തിയ ശ്രമങ്ങള്‍ ഉമ്മന്‍ചാണ്ടിയേയും എ ഗ്രൂപ്പിനെയും ചൊടിപ്പിച്ചിരുന്നു.
ടിപി വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നേതൃത്വം കൊടുത്ത് പ്രതിച്ഛായ കത്തി നില്ക്കുന്ന സമയത്ത് തന്നെയാണ് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിയെ സോളാര്‍ വെച്ച് പൂട്ടാന്‍ ശ്രമം നടത്തിയത്. മുസ്ലിം ലീഗ് പിന്തുണയോടെ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള തിരുവഞ്ചൂര്‍ നീക്കങ്ങള്‍ ഉമ്മന്‍ചാണ്ടി തന്നെ മനസിലാക്കുകയും താമസം വിനാ ആഭ്യന്തരം ഐ ഗ്രൂപ്പിനെ നയിച്ചിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
അന്ന് കെപിസിസി അധ്യക്ഷ പദവിയിലിരിക്കെയാണ് ചെന്നിത്തലയ്ക്ക് എ ഗ്രൂപ്പ് ആഭ്യന്തരമന്ത്രി പദവി തന്നെ കൈമാറാന്‍ തയ്യാറാകുന്നത്. അത് എ ഗ്രൂപ്പില്‍ നിന്ന് തന്നെയുള്ള തിരുവഞ്ചൂരിനെ വെട്ടാന്‍ വേണ്ടിയായിരുന്നു. ചെന്നിത്തല ഒഴിഞ്ഞ പദവിയിലേക്കാണ് പിന്നെ വി.എം.സുധീരന് എത്തുന്നത്.
ആഭ്യന്തരമന്ത്രി പദവി തന്നെ നല്‍കിയിട്ടും ഉമ്മന്‍ചാണ്ടിക്കെതിരെ നീങ്ങിയ തിരുവഞ്ചൂരിന്റെ നീക്കങ്ങള്‍ എ ഗ്രൂപ്പിനെ തന്നെ അന്ന് ഉലച്ചിരുന്നു. പഴയ ഉറ്റബന്ധം ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമിടയില് സോളാര്‍ ഇല്ലാതാക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും കൂട്ടായ നീക്കങ്ങള്‍ വഴി എ-ഐ ഗ്രൂപ്പുകള്‍ സുധീരനെ രാജിവെപ്പിച്ചപ്പോള്‍ ഒഴിവു വന്ന കെപിസിസി അധ്യക്ഷപദം ഗ്രൂപ്പ് പരിഗണനകള്‍ അനുസരിച്ച് എ ഗ്രൂപ്പിന്റെ കയ്യിലാണ് വന്നത്.
താത്കാലികമായി ഒഴിവു വന്ന ആ അധ്യക്ഷ പദത്തില്‍ ഉമ്മന്‍ചാണ്ടി കണ്ണുമടച്ചാണ് എം.എം.ഹസ്സനെ പ്രതിഷ്ഠിച്ചത്. ആ ഹസ്സന് വഴിയാണ് ഉമ്മന്‍ചാണ്ടിയെ നിസ്സഹായനാക്കി ചാരക്കേസ് വിവാദം വീണ്ടും കേരളത്തിന്റെ മുഖ്യശ്രദ്ധയിലേക്ക് വന്നിട്ടുള്ളത്. ഇതാണ് ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ എ ഗ്രൂപ്പിനേയും നിസ്സഹായ അവസ്ഥയിലാക്കുന്നത്.
ചാരക്കേസ് അന്വേഷിച്ച സിബി മാത്യുവിന്റെ പുസ്തകം വഴിയുള്ള വെളിപ്പെടുത്തല്‍ വിവാദത്തിന്റെ രൂപം പ്രാപിച്ചപ്പോള്‍ കഴിഞ്ഞ ജൂണില്‍ കെ.മുരളീധരന് മുന്നറിയിപ്പ് നല്‍കിയതാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചാരക്കേസിന്റെ ഗുണദോഷം ചികയരുത്, അത് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്നമുണ്ടാക്കുമെന്ന്.
ചാരക്കേസിന്റെ ഗുണദോഷങ്ങള്‍ മുഴുവന്‍ അനുഭവിച്ച ലീഡര്‍ കുടുംബത്തില്‍ നിന്നാണ് മുന്നറിയിപ്പ് വന്നത്. ആ പ്രസ്താവന പോലും മുഖവിലയ്ക്കെടുക്കാന്‍ ഹസ്സന് തയ്യാറാകാത്തതിലാണ് അദ്ദേഹത്തിനെതിരെ എ ഗ്രൂപ്പില്‍ നിന്നും രോഷമുയരുന്നത്.