വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരെയുള്ള നിലപാടാണ് ‘ദൈവത്തിന്റെ പുസ്തക’മെന്ന് കെ.പി.രാമനുണ്ണി

0
96

എം.മനോജ്‌ കുമാര്‍ 
തിരുവനന്തപുരം: എഴുത്തുകാരന്‍ എന്ന നിലയില്‍  പുലര്‍ത്തിപ്പോരുന്ന സ്വന്തം  നിലപാട് തന്നെയാണ് ‘ദൈവത്തിന്റെ പുസ്തക’മെന്ന്  പ്രമുഖ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി. ‘ദൈവത്തിന്റെ പുസ്തക’മെന്ന നോവലിന്  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച ശേഷം 24 കേരളയോട് പ്രതികരിക്കുകയായിരുന്നു കെ.പി.രാമനുണ്ണി. വര്‍ഗീയതയ്ക്കും വിഭാഗീതയ്ക്കും എതിരെയുള്ള എന്റെ നിലപാടിന്റെ പുസ്തകം കൂടിയാണ്   ‘ദൈവത്തിന്റെ പുസ്തകം’.
ദേശീയ തലത്തില്‍ വിഭാഗീയത വളരുന്ന കാലത്ത് ആ ആശയങ്ങള്‍ക്കെതിരെയുള്ള  പുസ്തകത്തിനു അംഗീകാരം ലഭിച്ചു എന്നതില്‍ വലിയ സന്തോഷം തോന്നുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി സ്വതന്ത്ര നിലപാടിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ദൈവത്തിന്റെ പുസ്തകത്തിന്‌ ലഭിച്ച അവാര്‍ഡ് തെളിയിക്കുന്നു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ അന്തിമ തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല.  എന്‍ഡിഎ ഭരിക്കുമ്പോഴും ഈ അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ചതല്ല. എന്‍ഡിഎ ഭരിക്കുന്ന സമയത്ത് വര്‍ഗീയതയ്ക്കെതിരായ, വിഭാഗീയതയെ വിമര്‍ശിക്കുന്ന പുസ്തകത്തിനു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ഈ അവാര്‍ഡ് കമ്മറ്റി സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്-രാമനുണ്ണി പറഞ്ഞു.
പുസ്തകത്തിന്റെ  ഉള്ളടക്കവും കേന്ദ്ര സാഹിത്യ അക്കാദമി നിലപാടും ഇത് വെളിവാക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമികള്‍ തുറന്ന നിലപാട് സ്വീകരിക്കുന്നത് ശുഭോദര്‍ക്കമായ കാര്യമാണ്.
‘പ്രിയപ്പെട്ട ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഒരു വിശ്വാസി’ എന്ന എന്റെ ലേഖനത്തിനു വലിയ ഭീഷണികള്‍ വന്നിരുന്നു. ആ ലേഖനത്തില്‍ പറയുന്ന കാര്യങ്ങളുടെ ബഹിര്‍സ്ഫുരണം തന്നെയാണ് നോവലിലും ഉള്ളത്.
രണ്ടു ഭാഗങ്ങള്‍ ആയാണ് നോവല്‍ മുന്നോട്ട് പോകുന്നത്. അറ്റ്‌ലാന്റിക്, തമോഗര്‍ത്തം, കൃഷ്ണ ഭാഗം തുടങ്ങി വിവിധ പ്രതിപാദനങ്ങള്‍ നോവലിലുണ്ട്. ഫാന്റസിയില്‍ കൂടിയാണ് നോവല്‍ പോകുന്നത് എങ്കിലും ഇന്ത്യയിലെയും ലോകത്തിലെയും സമകാലിക രാഷ്ട്രീയ സംഭവങ്ങളെയാണ് നോവല്‍ അഭിസംബോധന ചെയ്യുന്നത്-രാമനുണ്ണി ചൂണ്ടിക്കാട്ടുന്നു.
 ‘സൂഫി പറഞ്ഞ കഥ’ എന്ന ആദ്യ നോവലിലൂടെ തന്നെ വായനക്കാരുടെ മനസ്സിൽ ഇടം നേടിയ കഥാകാരനാണ്  കെ.പി. രാമനുണ്ണി.  1989 ലെ ഇടശ്ശേരി അവാർഡ്, 1995 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ സൂഫി പറഞ്ഞ കഥ സ്വന്തമാക്കി. ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലേക്ക്  ഈ നോവല്‍ പരിഭാഷ ചെയ്യപ്പെട്ടു. അതേ പേരിൽ ഈ നോവല്‍ സിനിമയുമായി.
‘വിധാതാവിന്റെ ചിരി’ ആണ് ആദ്യ കഥാസമാഹാരം. ‘ജീവിതത്തിന്റെ പുസ്തകം’ എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു.