ഇറാനിയന്‍ സംവിധായകനായ അസ്ഗര്‍ ഫര്‍ഹാദിയുടെ എബൗട്ട് എല്ലിയിലെ മെയ്ക്കിങ് സ്റ്റൈല്‍ സവിശേഷമാണ്. ചലിക്കുന്ന ചിത്രങ്ങളാവുന്നു ചലച്ചിത്രം. അങ്ങനെയാവുമ്പോഴും ഓരോ കഥാപാത്രവും ഐഡന്റിറ്റി നിലനിര്‍ത്തുന്നു. ഓരോ മനുഷ്യനും കുട്ടികളാവട്ടെ, സ്ത്രീകളാവട്ടെ, പുരുഷന്മാരാവട്ടെ അവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ സ്കെച്ചിംഗ് കഥാപാത്ര നിര്‍മിതിയില്‍ സംവിധായകന് നിലനിര്‍ത്തുന്നു.
ഓരോരുത്തര്‍ക്കും ഓരോരോ പ്രധാന്യം ഉണ്ട്. എല്ലിയെ കാണാതാവുന്നതോടെ അവളുമായി ബന്ധപ്പെട്ട ഓരോ മനുഷ്യന്റെയും മൗനത്തില്‍, നിശ്വാസങ്ങളില്‍, ചലനങ്ങളില്‍, മൃദുവെങ്കിലും ഉണ്ടാവുന്ന ഒച്ചകളില്‍ ക്യാമറ സാന്നിധ്യം അറിയിക്കുന്നു. ഷൂട്ടുചെയ്യാന്‍ വേണ്ടി ഷൂട്ട് ചെയ്തതായി തോന്നുന്ന ഷോട്ടുകള്‍ കാണുന്നില്ല. കൃത്രിമത്വമേയില്ല. കണ്മുന്നില് കടല്‍തീരത്തു വന്നുപെടുന്ന ജീവിതം കാണുന്ന രീതി.
തിരശീല മാഞ്ഞുപോവുന്നു. കടലും കടല്ക്കരയിലെ ജീവിതവും ബാക്കിയാവുന്നു. സിനിമ ഉന്നയിക്കുന്ന സാമൂഹിക തലം, നാം പരിപാലിക്കുന്ന ബന്ധങ്ങളിലെ ദൃഢത എന്നൊക്കെ പറയുന്നത് വെറും നാട്യം മാത്രമാണ് എന്നാണ്. ഒരു പ്രതിസന്ധിയില്‍ അകപ്പെടുമ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്ന, പ്രത്യേകിച്ച് കുറ്റം, കുറ്റകൃത്യം എന്നൊക്കെ വരുമ്പോള്‍ ഭരണകൂടത്തിന്റെ കാര്‍ക്കശ്യം സമ്മര്‍ദ്ദമാകുമ്പോള്‍ നേരത്തെ സൂചിപ്പിച്ച ബന്ധങ്ങളിലെ ആഴം എന്നൊക്കയുള്ളതിന് വെറും കുമിളകളുടെ ആയുസേയുള്ളൂവെന്ന് വരുന്നു. മറ്റൊരു പ്രധാന കാര്യം വൈകാരികമായ പൊട്ടിത്തെറി പോലും അച്ചടക്കം പാലിച്ചുകൊണ്ടുള്ളതാണ്.
ആരും കേള്‍ക്കരുത്, കാണരുത് എന്ന് കരുതി കരയുന്ന അവസ്ഥ. അത് ആ സമൂഹത്തിന്റെ നിരായുധമായതും അരക്ഷിതമായതുമായ അച്ചടക്കത്തെയാണ് കാണിക്കുന്നത്. വിമോചനം ആഗ്രഹിക്കുന്ന മാനസികാവസ്ഥ അനുഭവപെടുന്നുണ്ട് ജീവിക്കുന്ന ജീവിതത്തില്‍. അതേസമയം സ്വയം വരിക്കുന്നതോ, അടിച്ചേല്പ്പിക്കുന്നതോ ആയ വരുതിയില്‍ നിന്നുകൊണ്ട് വിധേയപെട്ട് ജീവിക്കാന്‍ ശീലിച്ചതിന്റെ എല്ലാ കുഴപ്പങ്ങളും ദുരിതങ്ങളും ജീവിതം ഏറ്റുവാങ്ങുന്നു.