എന്‍.പ്രഭാകരന്റെ കഥയോട് പ്രതിഷേധം; ഡി.സി പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് അധ്യാപകര്‍ വിട്ടുനിന്നു

0
101


കണ്ണൂര്‍: കറന്റ് ബുക്‌സ് സംഘടിപ്പിച്ച ഡി.സി പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് ഒരു വിഭാഗം അധ്യാപകര്‍ വിട്ടുനിന്നതിന് പിന്നില്‍ എന്‍.പ്രഭാകരന്റെ വിവാദ കഥയോടുള്ള പ്രതിഷേധമെന്ന് സൂചന. പ്രഭാകരനായിരുന്നു പുസ്തകോത്സവത്തിന്റെ ഉദ്ഘാടകന്‍.

ഡിസംബര്‍ 23ന് രാവിലെ 11.30-നായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിക്കാനും അധ്യക്ഷത വഹിക്കാനും മേളയുടെ സംഘാടകര്‍ തലശ്ശേരി മേഖലയിലെ ഒട്ടേറെ അധ്യാപകരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഓരോരുത്തരും വ്യക്തിപരമായ അസൗകര്യങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. വൈകീട്ട് ഉദ്ഘാടനച്ചടങ്ങ് നിശ്ചയിച്ചെങ്കിലും അധ്യാപകരെ ആരെയും കിട്ടിയില്ല. ഒടുവില്‍ പ്രഭാകരന്റെ ശിഷ്യയായിരുന്ന സ്മിത പന്ന്യന്‍ എന്ന സ്‌കൂള്‍ അധ്യാപിക മാത്രമാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘കളിയെഴുത്ത്’ എന്ന പേരില്‍ കഴിഞ്ഞയാഴ്ച പ്രഭാകരന്റെ കഥ പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനത്തെ പരോക്ഷമായി വിമര്‍ശന വിധേയമാക്കിയ കഥയോട് രൂക്ഷമായ പ്രതികരണമാണുണ്ടായത്. സമൂഹമാധ്യമങ്ങളിലുള്ള അധിക്ഷേപത്തിനും പ്രതികരണത്തിനും പുറമെ പ്രഭാകരന്റെ മൊബൈല്‍ ഫോണില്‍ വധഭീഷണി വരെയുണ്ടായിരുന്നു. പൊലീസില്‍ പരാതിപ്പെടാതെ ഭീഷണികളെ പ്രഭാകരന്‍ അവഗണിക്കുകയായിരുന്നു.

‘കോളേജ് അധ്യാപകര്‍ക്കും കഥ വായിക്കാനറിയില്ല’ – എന്‍.പ്രഭാകരന്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്

കോളേജ് അധ്യാപകര്‍ക്ക് പോലും ഒരു ചെറുകഥ എങ്ങനെയാണ് വായിക്കേണ്ടതെന്ന് അറിയില്ലെന്ന ദയനീയ അവസ്ഥയാണ് ‘കളിയെഴുത്ത്’ കഥയോടുള്ള പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയാണ് കഥയിലൂടെ ആവിഷ്‌കരിച്ചത്. എന്നാല്‍ കഥയിലെ ലൈംഗികത ചൂണ്ടിക്കാണിച്ച് ചര്‍ച്ചയെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇത് യാഥാര്‍ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.

ഒരു ചെറുകഥ എങ്ങിനെ വായിക്കണം, കഥയിലെ കേന്ദ്ര പ്രമേയത്തെ എങ്ങിനെ തിരിച്ചറിയണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പ്രാഥമികമായ ധാരണകള്‍ പോലും സ്വരൂപിച്ചിട്ടില്ലാത്ത അനേകം അധ്യാപകര്‍ കേരളത്തിലുണ്ടെന്ന് കളിയെഴുത്തുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്ന് ബോധ്യമായി. ഇവരില്‍ പ്രൈമറി തലം മുതല്‍ കോളേജ് തലം വരെയുള്ള അധ്യാപകരുണ്ട്. അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തേയും അധ്യാപനത്തേയും വിദ്യാഭ്യാസത്തെ ആകെത്തന്നെയും കേവലം കളിയാക്കി മാറ്റുന്നതിനെതിരെയാണ് ‘ കളിയെഴുത്ത് ‘സംസാരിക്കുന്നത്. ഈ വസ്തുത ബോധപൂര്‍വം മറച്ചുവെച്ച് – ‘കളിയെഴുത്തിനെ ‘ഒരു സ്ത്രീ വിരുദ്ധ കഥയായി വായിക്കാന്‍ അധ്യാപകരേയും പൊതുസമൂഹത്തേയും പ്രേരിപ്പിക്കുന്നവരുടെ ദുഷ്ടലാക്ക് അധ്യാപകരില്‍ തന്നെ ഗണ്യമായ ഒരു വിഭാഗം തിരിച്ചറിഞ്ഞു എന്നാണ് കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലായത്. ഇക്കാര്യത്തില്‍ വളരെ സന്തോഷമുണ്ട്.