‘പ്രശ്‌നം കസബയോ പാര്‍വതിയോ പോലുമല്ല, പ്രശ്‌നം പെണ്ണ് സംസാരിച്ചു എന്നതാണ് ‘ : ബോബി-സഞ്ജയ്‌

0
51

കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ച നടി പാര്‍വതിയ്‌ക്കെതിരെയുള്ള ആക്രമങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. പാര്‍വതിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായവുമായി തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും രംഗത്തെത്തിയിരിക്കുന്നു.

ബോബി സഞ്ജയ് യുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ആദാമിന്റെ വാരിയെല്ല്

പ്രശ്‌നം കസബയോ പാര്‍വതിയോ പോലുമല്ല. പ്രശ്‌നം പെണ്ണ് സംസാരിച്ചു എന്നതാണ്. തെറ്റിദ്ധരിക്കരുത്. സംസാരിക്കുന്നതില്‍ ഞങ്ങള്‍ക്ക് പരാതിയില്ല. പക്ഷെ അത് ഫാഷന്‍ ട്രെന്‍ഡുകളെക്കുറിച്ചും, പാചകത്തെക്കുറിച്ചും, ഭാവി വരനെപ്പറ്റിയുള്ള സങ്കല്‍പങ്ങളെക്കുറിച്ചുമൊക്കെ പോരേ? വന്‍ കാര്യങ്ങളെക്കുറിച്ചൊക്കെ പറയേണ്ടി വരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാനാളല്ല എന്ന വിനയമല്ലേ അതിന്റെ ശരി? അതും പോട്ടെ പറഞ്ഞതിനെപ്പറ്റി ഒരു ക്ഷമാപണമെങ്കിലും നടത്തിക്കൂടേ? എത്ര ഉച്ചത്തില്‍ ഞങ്ങള്‍ ആണ്‍സിംഹങ്ങള്‍ അലറിക്കൊണ്ടിരിക്കുന്നു.

മാപ്പ് പറയുന്നില്ലെന്ന് മാത്രമല്ല, അതേ ആത്മവിശ്വാസത്തോടെ, അതേ ശക്തിയോടെ ഉള്ള മറുപടികള്‍ വീണ്ടും ഇല്ല വീണ്ടും വീണ്ടും. ഇല്ല പാര്‍വതി, ഞങ്ങള്‍ക്കിത് ശീലമില്ല. പെണ്ണ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്ന മിനിമം അടക്കവും ഒതുക്കവുമുണ്ട്. പ്രത്യേകിച്ച് ഈ പ്രായത്തില്‍. അതിനപ്പുറമുള്ളവരെ ആക്രമിച്ചേ ഞങ്ങള്‍ക്ക് ശീലമുള്ളൂ. ആക്രമണമെന്ന് പറയുമ്പോള്‍ അത് പല ഘട്ടങ്ങളിലാണ്. ഒന്ന് നിങ്ങളാരാണ് ഇതൊക്കെ പറയാന്‍ എന്ന തരത്തിലുള്ളത്. (നീയാരാടീ ഇത് പറയാന്‍ എന്ന് പരിഭാഷ).

അതില്‍ കുലുങ്ങുന്നില്ലെന്ന് കണ്ടാല്‍ അടുത്ത സ്റ്റെപ്പ് പരിഹാസമാണ്. പണിപ്പെട്ടുണ്ടാക്കുന്ന തമാശകള്‍, ഉപമകള്‍. അവിടെയും അനക്കമില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ മൂന്നാമത്തെ ലെവലിലേക്ക് പോകും. സ്ത്രീയെ ലൈംഗിക അവയവങ്ങളിലേക്ക് ചുരുക്കിയുള്ള ശുദ്ധ ചീത്തവിളിയും, വ്യക്തിഹത്യയും. മൂന്നും ഇന്ന് വരെ കേട്ടിട്ടില്ലാത്ത തരത്തില്‍ സ്ത്രീ ശബ്ദം ഉയരുമ്പോഴുണ്ടാകുന്ന അസഹിഷ്ണുതയില്‍ നിന്നാണെന്നതാണ് സത്യം. അല്ലാതെ വിയോജിപ്പ് ആരോഗ്യകരമായ പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചയിലൂടെ എന്നതൊന്നും ഞങ്ങളുടെ അജണ്ടയിലില്ല.

അങ്ങനെയായിരുന്നെങ്കില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളോ അങ്ങനെയുള്ള കഥാപാത്രങ്ങളോ ഉണ്ടാവാന്‍ പാടില്ല എന്നതാണ് നിങ്ങളുടെ പരാമര്‍ശത്തിലുള്ളതെന്ന് ഞങ്ങള്‍ തെറ്റിദ്ധരിക്കില്ലായിരുന്നു. അവ മഹത്വവല്‍ക്കരിക്കപ്പെടരുത് എന്നാണ് നിങ്ങള്‍ ഉദ്ദേശിച്ചതെന്ന് ഞങ്ങള്‍ മനസിലാക്കുമായിരുന്നു. മലയാളം കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയിലെ പുരുഷ കഥാപാത്രങ്ങള്‍ സ്ത്രീ വിരുദ്ധതയുടെ പ്രതീകങ്ങളായിരുന്നു എന്ന് തിരിച്ചറിയുന്നിടത്ത് തീരുമായിരുന്നു എല്ലാ പ്രശ്‌നവും. ഈ സിനിമയുടെ പേരാണ് ഈ കുറിപ്പിന്റെയും ടൈറ്റില്‍ ആദാമിന്റെ വാരിയെല്ല്.

ഒരു സിനിമയുടെ മാത്രമാണ് പേരെടുത്ത് പറഞ്ഞതെങ്കിലും അതിലൂടെ അനേകം സിനിമകളെയാണ് പാര്‍വതി, താങ്കള്‍ വിമര്‍ശിച്ചിരിക്കുന്നത്. ഒരുപക്ഷെ, ഞങ്ങള്‍ എഴുതിയവകളടക്കം. എന്തായാലും സ്വസ്ഥമായി എഴുതിക്കൊണ്ടിരുന്ന ഞങ്ങളെ, ഇനി പേനെയെടുക്കുമ്പോള്‍ സ്ത്രീയെ, അവളുടെ പക്ഷത്ത് നിന്ന് കൂടി ചിന്തിച്ചിട്ടെഴുതൂ എന്ന ഓര്‍മ്മപ്പെടുത്തലിലേക്ക്, സ്വയം വിശകലനത്തിലേക്ക് മനസമാധാനക്കേടിലേക്ക് തള്ളിയിട്ടതിനാല്‍ ഞങ്ങള്‍ താങ്കളോട് വിയോജിക്കുന്നു, വിയോജിക്കുന്നു, വിയോജിക്കുന്നു.