യുദ്ധ ടാങ്കുകള്‍-വിവിധോദ്യേശ്യ യുദ്ധോപകരണങ്ങള്‍

0
66

ഋഷിദാസ്‌

ആധുനിക കാലത്ത് കരസേനകളുടെ ഏറ്റവും പ്രധാനപ്പെട്ട ആയുധം ഏതാണെന്നു ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ-യുദ്ധ ടാങ്കുകള്‍. അത്യധികം പ്രഹര ശേഷിയുള്ള യന്ത്രത്തോക്കുകളുടെ ആവിര്‍ഭാവമാണ് ടാങ്കുകളുടെ വരവ് അനിവാര്യമാക്കിയത് എന്ന് പറയാം. ഒരു ടാങ്ക് പല ദൗത്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു യുദ്ധോപകരണമാണ്.

കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് ഷെല്ലുകള്‍ തൊടുത്തുവിടുന്ന ഒരു വമ്പന്‍ പീരങ്കിയാണ് ടാങ്ക്. സൈനികരെ സുരക്ഷിതമായി കടത്തുന്ന ഒരു കവചിതവാഹനമാണ് ടാങ്ക്. ഏതുതരം പ്രതലത്തിലൂടെയും സഞ്ചരിക്കാനുള്ള കഴിവ് ടാങ്കിനുണ്ട്. ടാങ്കിനു പുറത്തു ഘടിപ്പിച്ചിട്ടുള്ള യന്ത്രത്തോക്കുകള്‍ ഹൃസ്വ പരിധിയുള്ള വ്യോമവേധ തോക്കുകളായും ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. പല ആധുനിക ടാങ്കുകള്‍ക്കും മിസൈലുകള്‍ തൊടുക്കാനുള്ള കഴിവും ഉണ്ട്.

ഒരു യുദ്ധോപകരണം എന്ന നിലയില്‍ ടാങ്കുകള്‍ ഇപ്പോള്‍ ഒരു നൂറ്റാണ്ടു പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 1915 ല്‍ ബ്രിട്ടനിലാണ് ആദ്യ ടാങ്ക് നിര്‍മ്മിക്കപ്പെട്ടത്. മാര്‍ക്ക്-1 എന്ന് പേരിട്ട ആ ടാങ്ക് ഉടനെത്തന്നെ ഒന്നാം ലോകയുദ്ധത്തില്‍ പ്രഭാവം ഉണ്ടാക്കി. യുദ്ധടാങ്കുകളുടെ പ്രാധാന്യം എല്ലാ സൈന്യങ്ങളും മനസ്സിലാക്കി. ലോകത്തെ പ്രമുഖ സൈനിക ശക്തികള്‍ എല്ലാം തന്നെ വന്‍തോതിലുള്ള യുദ്ധ ടാങ്ക് നിര്‍മാണത്തിലേക്ക് തിരിഞ്ഞു. രണ്ടാം ലോകയുദ്ധമായപ്പോഴേക്കും ടാങ്കുകള്‍ കരസേനയുടെ മുഖമുദ്ര ആയിമാറിയിരുന്നു. യുഎസിന്റെ M4A4 ഷെര്‍മാന്‍, സോവിയറ്റ് യൂണിയന്റെ T-34, ജര്‍മനിയുടെ പാന്തര്‍ തുടങ്ങിയവ രണ്ടാം ലോകമഹായുദ്ധത്തില്‍ പ്രശസ്തമായ ടാങ്കുകള്‍ ആണ്.

ശീതയുദ്ധ കാലത്താണ് ടാങ്കുകള്‍ സാങ്കേതിക തികവ് നേടുന്നത്. യുഎസും സോവിയറ്റ് യൂണിയനും തമ്മില്‍ ഒരു ടാങ്ക് ആയുധ മത്സരം തന്നെ നടന്നു ഈ കാലയളവില്‍. വന്‍ശക്തികള്‍ നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും അവരുടെ പ്രോക്‌സികള്‍ അവരുടെ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ ടാങ്കുകള്‍ കൊണ്ട് പൊരിഞ്ഞ യുദ്ധങ്ങള്‍ നടത്തി സോവിയറ്റ് യൂണിയന്റെ T-55,T -64,T -72,T -80 എന്നീ ടാങ്കുകള്‍ ആയിരക്കണക്കിനാണ് നിര്‍മിച്ചിറക്കിയത്. അവയിലെ ഏറ്റവും കരുത്തന്‍ ആയിരുന്നു T -64. സോവിയറ്റ് യൂണിയന്‍ ആ ടാങ്ക് ആര്‍ക്കും വിറ്റില്ല. യുഎസ് ആകട്ടെ M48A5 പാറ്റണ്‍, XM551 ഷെറിഡാന്‍, XM1 അബ്രാംസ് തുടങ്ങിയ വിവിധതരം ടാങ്കുകള്‍ രംഗത്തിറക്കി. ഫ്രാന്‍സ്, ജര്‍മ്മനി, ഇസ്രേല്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും ഇക്കാലത്ത് ആധുനിക ടാങ്കുകള്‍ രംഗത്തിറക്കി. ചൈനയാകട്ടെ പഴയ സോവിയറ്റ് ടാങ്കുകളുടെ ആയിരക്കണക്കിനു വ്യാജ കോപ്പികള്‍ നിര്‍മിച്ചിറക്കി. ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മിച്ച ആദ്യ ടാങ്കായ അര്‍ജുന്‍ തൊണ്ണൂറുകളിലാണ് യുദ്ധസജ്ജമായത്.

ടാങ്കുകള്‍ അവയുടെ ഭാരത്തിനനുസരിച് ലൈറ്റ്, മീഡിയം, ഹെവി എന്നിങ്ങനെ വര്‍ഗീകരിക്കാറുണ്ട്. മീഡിയം, ഹെവി ടാങ്കുകള്‍ ഇക്കാലത്തു മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍ എന്നാണ് സാധാരണ വിളിക്കുന്നത്. ഒരു കരസേനയുടെ പ്രധാന പ്രഹരശേഷിയാണ് ഇവ. അതിനാലാണ് ഇവയെ മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍ എന്ന് വിളിക്കുന്നത് ലൈറ്റ് ടാങ്കുകള്‍ ഇരുപതു ടണ്ണിനടുത്ത ഭാരമുള്ള വയാണ്. ഇക്കാലത്തു അവയെ പ്രധാനമായും എയര്‍ബോണ്‍ ഡിവിഷനുകളിലാണ് ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞവ ആയതിനാല്‍ അവയെ വലിയ പ്രയാസമില്ലാതെ ട്രാന്‍സ്‌പോര്‍ട് വിമാനങ്ങളിലൂടെ വളരെ ദൂരം കൊണ്ടുപോകാന്‍ കഴിയും. വളരെ വലിയ ട്രാന്‍സ്‌പോര്‍ട് വിമാനങ്ങള്‍ക്ക് മാത്രമേ മെയ്ന്‍ ബാറ്റില്‍ ടാങ്കുകളെ വഹിക്കാന്‍ കഴിയൂ. മെയ്ന്‍ ബാറ്റില്‍ ടാങ്കുകള്‍ നാല്പത് മുതല്‍ അറുപത് ടണ്‍ വരെ ഭാരമുള്ളവയാണ്. ഇസ്രേലിന്റെ മെര്‍കവ ടാങ്കുകള്‍ അതിലേറെ ഭാരമുള്ളവയാണ്.

മെയിന്‍ ബാറ്റില്‍ ടാങ്കുകളെ ചലിപ്പിക്കുന്നത് സാധാരണയായി 700 മുതല്‍ 1700 വരെ കുതിര ശക്തിയുള്ള എഞ്ചിനുകളാണ്. ഭൂരിഭാഗം ടാങ്കുകളിലും ഡീസല്‍ എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. ചുരുക്കം ചില ടാങ്കുകളില്‍ ഗ്യാസ് ടര്‍ബെന്‍ എഞ്ചിനും ഉപയോഗിക്കുന്നുണ്ട്.

ആധുനിക ടാങ്കുകളിലെ ഒരവിഭാജ്യ ഘടകമാണ് റിയാക്ടീവ് ആര്‍മെര്‍. ടാങ്കുവേധ മിസൈലുകളെയും ഗ്രെനേഡുകളെയും പ്രതിരോധിക്കാനുള്ള ഒരു നൂതന സംവിധാനമാണ് റിയാക്ടീവ് ആര്‍മെര്‍. ഒരു ടാങ്ക് വേധ മിസൈല്‍ ടാങ്കിനടുത്ത് എത്തുമ്പോള്‍ തന്നെ റിയാക്ടീവ് ആര്‍മെര്‍ ഒരു ചെറിയ സ്‌ഫോടനത്തിലൂടെ മിസൈലിന്റെ പ്രഹരശേഷി കുറക്കുന്നു. ആധുനിക ടാങ്കുകളുടെ രക്ഷാകവചമാണ് റിയാക്ടീവ് ആര്‍മെര്‍. ഇന്ത്യ അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്കിനു വേണ്ടി കാഞ്ചന്‍ എന്ന് പേരുള്ള ഒരു റിയാക്ടീവ് ആര്‍മെര്‍ സംവിധാനം തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ട്.

റഷ്യയാണ് സൈന്യത്തിലും റിസേര്‍വിലുമായി ഏറ്റവുമധികം മെയ്ന്‍ ബാറ്റില്‍ ടാങ്കുകള്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്. അവര്‍ക്ക് 20000 മെയ്ന്‍ ബാറ്റില്‍ ടാങ്കുകള്‍ ഉണ്ട്. യുഎസിന് 8000 മെയ്ന്‍ ബാറ്റില്‍ ടാങ്കുകള്‍ ഉണ്ട്. ചൈനക്ക് 6000, ഇന്ത്യക്ക് 4000, ഇസ്രേല്‍ 4000 എന്നിങ്ങനെയാണ് പ്രധാന ശക്തികളുടെ ടാങ്കുകളുടെ എണ്ണം. ഉത്തര കൊറിയയുടെ ടാങ്കുകള്‍ ഭൂരിഭാഗവും വളരെ പഴയതാകയാല്‍ അവരുടെ ടാങ്കുകളുടെ എണ്ണം സംശയാസ്പദമാണ്. വിദൂര നിയന്ത്രണത്തിലൂടെ പ്രവര്‍ത്തിപ്പിക്കാവുന്ന പുതു തലമുറ ടാങ്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് ഇപ്പോഴുള്ള റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങിനെയാണെങ്കില്‍ ടാങ്കുകളുടെ ഒരു പുതുതലമുറയെയാണ് സമീപഭാവി കാണാന്‍ പോകുന്നത്.

ഇന്ത്യയുടെ മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍

സ്വതന്ത്ര ഇന്ത്യ ആദ്യകാലങ്ങളില്‍ ബ്രിട്ടീഷ് നിര്‍മ്മിത മെയിന്‍ ബാറ്റില്‍ ടാങ്കുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട പല കാരണങ്ങള്‍ കൊണ്ട് സോവിയറ്റ് യൂണിയനില്‍ നിന്നും ഇന്ത്യ മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍ ഇറക്കുമതിചെയ്യാനും പിന്നീട് ലൈസന്‍സ് നേടി ഇവിടെ തന്നെ നിര്‍മിക്കാനും തുടങ്ങി. T-55 ആണ് സോവിയറ്റ് യൂണിയനില്‍ നിന്നും നാം കരസ്ഥമാക്കിയ ആദ്യ മെയിന്‍ ബാറ്റില്‍ ടാങ്ക്. ഈ ടാങ്കുകള്‍ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ സുത്യര്‍ഹമായ സേവനമാണ് നല്‍കിയത്. പിന്നീട് എണ്‍പതുകളില്‍ റഷ്യയില്‍നിന്നു തന്നെ കൂടുതല്‍ ആധിനികമായ T-72 മെയിന്‍ ബാറ്റില്‍ ടാങ്കുക ള്‍ നാം കരസ്ഥമാക്കി. പാശ്ചാത്യ മെയിന്‍ ബാറ്റില്‍ ടാങ്കുകളോളം ഭാരവും വലിപ്പവും ഇല്ലെങ്കിലും അവയോട് പ്രഹരശേഷിയില്‍ കിട നില്‍ക്കുന്നവയാണ് T-72 മെയിന്‍ ബാറ്റില്‍ ടാങ്കുകള്‍. പിന്നീട നാം തീര്‍ത്തും സ്വതന്ത്രമായ ഒരു മെയിന്‍ ബാറ്റില്‍ ടാങ്കിന്റെ നിര്‍മാണത്തിന് മുന്‍തൂക്കം നല്‍കി. അങ്ങിനെയാണ് അര്‍ജുന്‍ എന്ന മെയിന്‍ ബാറ്റില്‍ ടാങ്ക് നാം നിര്‍മിക്കുന്നത് T-72 നേക്കാള്‍ വലിപ്പമേറിയ ഒരു മെയിന്‍ ബാറ്റില്‍ ടാങ്ക് ആണ്‍ അര്‍ജുന്‍.